March 24, 2016

LOCKE - English



LOCKE
 
ഇവാന്‍ ലോക്ക്‌ എന്ന കണ്‍സ്ട്രക്ഷന്‍ മാനേജര്‍ തന്റെ ജീവിതത്തിന്റെതന്നെ ഗതി തീരുമാനിക്കുന്ന ചില നിര്‍ണ്ണായക നിമിഷങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരികുകയാണ്. അയാളുടെ മേല്‍നോട്ടത്തില്‍ കമ്പനിയുടെ അതി ബ്രഹുത്തായ ഒരു നിര്‍മ്മാണ പ്രോജക്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വളരെ പ്രധാനമായ കോണ്ക്രീറ്റിഗ് വര്‍ക്ക് നടക്കുന്ന രാത്രിയില്‍  വര്‍ക്ക് സൈറ്റ് ഉപേക്ഷിച്ച്, മറ്റെന്തിനേക്കാളും തനിക്ക് പ്രധാനമെന്ന് തോന്നിയ ഒരു ലക്ഷ്യ സ്ഥാനത്തേക്ക് അയാള്‍ യാത്ര ചെയ്യുകയാണ്. ബര്‍മിംഗ്ഹാമിലെ ജോലി സ്ഥലത്തു നിന്നും ലണ്ടനിലെ ആശുപത്രിയിലേക്ക് ഇവാന്‍ ലോക്ക് ഡ്രൈവ് ചെയ്യുന്ന രണ്ടു മണിക്കൂര്‍ നേരത്തെ സംഭവവികാസങ്ങളാണ് സിനിമ. ആദ്യാവസാനം സ്ക്രീനില്‍ ടോം ഹാര്‍ഡി അവതരിപ്പിക്കുന്ന ഒറ്റയാള്‍ കഥാപാത്രം മാത്രം. കാറിലിരുന്ന്‍ അയാള്‍ കൈകാര്യംചെയ്യുന്ന  36 ഫോണ്‍ സംഭാഷണങ്ങലിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

കണ്‍സ്ട്രക്ഷന്‍ മാനേജരുടെ ഉത്തരവാദിത്വത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന മേലധികാരി, വീട്ടില്‍ അയാളെ പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ, അന്നേദിവസം അയാള്‍ക്കൊപ്പം ഫുട്ബോള്‍ മാച്ച് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്ന മൂത്ത മകന്‍. ഇവരെയൊക്കെ അവഗണിച്ച് അകലെയുള്ള ആശുപത്രിയില്‍ അയാളുടെ സാമീപ്യം കാംക്ഷിച്ചിരിക്കുന്ന മറ്റൊരു സ്ത്രീയുടെ അടുത്തേക്കാണ് ഇവാന്‍ കാറോടിച്ചു പോകുന്നത്. ആ സ്ത്രീ അയാളുടെ കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുതന്നെയാണ് പ്രശ്നങ്ങളെ ഏറ്റവും സങ്കീര്‍ണ്ണമാക്കുന്നത്.    

വസ്തുതകള്‍ ഭാര്യയോട് വെളിപ്പെടുത്തിയതുകൊണ്ടും മേലധികാരിയുടെ വാക്കിനെ ധിക്കരിച്ചതുകൊണ്ടും യാത്രചെയ്യുന്ന രണ്ടു മണിക്കൂറിനുള്ളില്‍ അയാള്‍ക്ക് ജോലിയും കുടുംബവും നഷ്ടമാകുന്നു. ഇവാന്‍ ലോക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന്‍ ഒളിച്ചോടുന്ന ആളല്ല. അയാള്‍ ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്എപ്പോള്‍ വേണമെങ്കിലും തൊട്ടടുത്ത യു-ടെണിലൂടെ ശാന്തമായ തന്റെ പഴയ ജീവിതത്തിലേക്കൊരു തിരിച്ചുപോക്ക് സാധ്യമാണ്. സ്റ്റിയറിങ്ങും മനസ്സും തന്റെ നിയന്ത്രണത്തിലാണെന്ന് ബോധ്യമുള്ള അയാളെ നയിക്കുന്നത് ശരിയെന്ന് വിശ്വസിക്കുന്ന ചില മൂല്യങ്ങളാണ്. ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് കൃത്യസമയത്ത് എടുക്കുന്ന തീരുമാനങ്ങളാണ്. പലപ്പോഴും അയാളുടെ സംഭാഷണങ്ങളില്‍  we can fix it. എന്ന സാങ്കേതികച്ചുവയുള്ള പ്രയോഗം കടന്നു വരാറുണ്ട്. എന്തിനും പരിഹാരമുണ്ട്. വര്‍ക്ക് സൈറ്റിലെ കെട്ടഴിഞ്ഞു പോകുന്ന ഇരുമ്പു കമ്പികള്‍ക്കും ഇഴയകലുന്ന കുടുംബ ബന്ധങ്ങള്‍ക്കും. സൈറ്റിലെ കോണ്‍ക്രീറ്റിഗ് ജോലികള്‍ ശുഭകരമായി പര്യവസാനിക്കും എന്ന്‍ അയാള്‍ ഉറപ്പു വരത്തുന്നുണ്ട്. അനിശ്ചിതത്വത്തിലും ഒരു നേര്‍ത്ത പ്രതീക്ഷ ബാക്കിയാക്കി പിറന്നുവീണ കുട്ടിയുടെ കരച്ചിലോടെയാണ് സിനിമ അവസാനിക്കുന്നത്. 

ത്രില്ലര്‍ സിനിമകളുടെ പടയൊരുക്കങ്ങള്‍ ഒന്നുമില്ലാതെ, ഒരു വാഹനത്തെ കേന്ദ്രീകരിച്ച് റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു നിമിഷം പോലെ മടുപ്പുളവാക്കില്ല. പരിമിതമായ പശ്ചാത്തല സാധ്യതകളെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തി മികച്ച ദൃശ്യാനുഭവം പകര്‍ന്നു നല്‍കാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ സ്റ്റീവന്‍ നൈറ്റിന് സാധിച്ചിട്ടുണ്ട്. ഇവാന്‍ ലോക്കിന്റെ മനോസംഘര്‍ഷങ്ങളെ ഏറ്റവും തനിമയോടെ പകര്‍ത്തിയ നായകന്‍ ടോം ഹാര്‍ഡി തന്നെ സിനിമയുടെ കേന്ദ്രബിന്ദു. 2013 ലെ ഈ യു.കെ റിലീസ് ചിത്രം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റുകയുണ്ടായി.

March 16, 2016

ലോറന്‍സ് ഓഫ് അറേബ്യ


ലോറന്‍സ് ഓഫ് അറേബ്യ

ലോറന്‍സ് എഡ്വേഡ്‌ തോമസ്‌ തന്റെ നാല്പ്പത്തിയാറാം വയസ്സില്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന്‍ അന്തരിക്കുമ്പോള്‍ ബ്രിട്ടണിലെ പൊതു സമൂഹത്തിന് അയാള്‍ ഏതു നിലയിലാണ് ഏറെ പ്രശസ്തന്‍ എന്നതിനെപ്പറ്റി വ്യക്തമായ  ധാരണയുണ്ടായിരുന്നില്ല. സംസ്കാരചടങ്ങില്‍ സംബന്ധിച്ചവര്‍ ലോറന്‍സ് കവിയും പണ്ഡിതനനും രാഷ്ട്രതന്ത്രജ്ഞനും യുദ്ധവീരനും ഒക്കെയാണെന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നു. അയാളുടെ സംഭവബഹുലമായ കഴിഞ്ഞകാല ജീവിതത്തിലേക്കുള്ള പ്രയാണം അവിടെ നിന്നാണ് സിനിമയില്‍ ആരംഭിക്കുന്നത്.
1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ലോറന്‍സ് ഓഫ് അറേബ്യ അതിന്റെ സാങ്കേതിക തികവുകൊണ്ടും ചരിത്രവുമായി ഇഴചേര്‍ത്ത് മെനഞ്ഞെടുത്തത്തിലെ വൈദഗ്ദ്യംകൊണ്ടും ലോക സിനിമയിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിനു ലഭിച്ച പത്ത് ഓസ്കാര്‍ നോമിനേഷനുകളില്‍, മികച്ച ചിത്രം, സംവിധാനം, ച്ഛായാഗ്രഹണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നിങ്ങനെ ഏഴ് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയുണ്ടായി.

ഒന്നാം ലോക മഹായുദ്ധകാലം. മധ്യപൂര്‍വേഷ്യയുടെ ഭൂരിഭാഗവും തുര്‍ക്കിയിലെ ഒട്ടോമന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കവേ തുര്‍ക്കിക്ക് എതിരായ നീക്കങ്ങളെ മനസ്സിലാക്കുവാനായാണ് ലോറന്‍സിനെ അറേബ്യയിലേക്ക് അയക്കുന്നത്. നയതന്ത്രപരമായ ഒരു നീക്കം എന്നതിനപ്പുറം ലോറന്‍സിന്റെ ഇടപെടലുകളെ ബ്രിട്ടിഷ് സേന കാര്യമായി ഗൌനിക്കുന്നില്ല. എന്നാല്‍ തന്റെ വ്യക്തിപ്രഭാവം കൊണ്ട്  അറേബ്യയിലെ ഫൈസല്‍ രാജകുമാരന്റെ വിശ്വാസം പിടിച്ചുപറ്റുന്ന ലോറന്‍സ് ബ്രിട്ടീഷ് സൈന്യത്തിന്റെ താത്പര്യങ്ങള്‍ വകവെക്കാതെ യുദ്ധമുന്നണിയിലേക്ക് നേരിട്ട് ഇറങ്ങുവാന്‍ തീരുമാനിക്കുന്നു. കാലഹരണപ്പെട്ട ആയുധങ്ങളുമായി, അപരിഷ്കൃതരായ ഗോത്രവര്‍ഗ്ഗക്കാരേ അണിനിരത്തി തികച്ചും സാഹസികമായ സൈനിക നീക്കത്തിലൂടെ തന്ത്രപ്രധാന തുറമുഖ നഗരമായ അക്വബ പിടിച്ചെടുക്കുന്നു. ക്രമേണ ബ്രിട്ടീഷ് സേന പണവും ആയുധങ്ങളും നല്‍കി ലോറന്‍സിന്റെ ഒറ്റയാള്‍ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.

ലോറന്‍സ് മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഒരു അസാധാരണ മനുഷ്യനാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ എന്തിലേയ്ക്കും എടുത്തുചാടുന്ന ചെറുപ്പക്കാരന്‍. എല്ലാ ബലഹീനതകളുമുള്ള പച്ചമനുഷ്യനാണ്‌ താനെന്ന് ലോറന്‍സിനറിയാം. പ്രതിസന്ധികളെ നേരിടാന്‍ അയാള്‍ സ്വയം പരുവപ്പെടുകയാണ്. ഒരു പോരാളിയുടെ പരിവേഷത്തിനേക്കാള്‍ മനുഷ്യത്വത്തിന്റെ മുഖമാണ് അയാള്‍ക്ക് കൂടുതല്‍ അനുയോജ്യം. എങ്കിലും യുദ്ധം, ഒരു കുത്തൊഴുക്കിലേക്കെന്നപോലെ സകല മാനുഷിക മൂല്യങ്ങളെയും കടപുഴക്കി അതിനോടു  ചേര്‍ക്കുന്നു. അറുംകൊലകളില്‍ ലോറന്‍സും പങ്കാളിയാകുന്നു.

 മധ്യപൂര്‍വേഷ്യയിലെ പാശ്ചാത്യശക്തികളുടെ താത്പര്യം എന്താണെന്ന് ലോറന്‍സിന് അറിവില്ല. ഡമാസ്കസ് കീഴ്പ്പെടുത്തിയ ശേഷം തന്നെ വിശ്വസിച്ച അറബ് സമൂഹത്തിന്റെ വ്യക്താവായി നിലകൊണ്ടുകൊണ്ട് ഒരു ലിഖിത നിയയമസംഹിതയ്ക്കുള്ളില്‍ അവരെ ഒന്നിച്ചു നിര്‍ത്തുവാന്‍ അയാള്‍ പരിശ്രമിക്കുന്നു. പക്ഷേ, ലോറന്‍സ് വിഭാവനം ചെയ്ത അറബ് കൌണ്‍സില്‍ എന്ന ആശയം അന്യോന്യം പോരടിക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഫലവത്തായില്ല.  

മിലിട്ടറിയില്‍ നിന്നും വിരമിച്ച ശേഷം, തന്റെ ജീവിതാനുഭവങ്ങളെ ആലേഖനംചെയ്തുകൊണ്ട്‌ ലോറന്‍സ് എഡ്വേഡ്‌ തോമസ്‌ രചിച്ച സെവന്‍ പില്ലേര്‍സ് ഓഫ് വിസ്ഡം എന്ന പുസ്തകവും ലോറന്‍സ് എന്ന പോരാളിയുടെ അറേബ്യന്‍ ജൈത്രയാത്രയെ ആഗോള സമൂഹത്തിനു മുന്‍പില്‍ വെളിപ്പെടുത്തിയ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടുകളും സിനിമയുടെ ചരിത്രാന്വേഷണത്തിന് മുതല്‍ക്കൂട്ടായി.     

228 മിനിറ്റ് ദൈര്‍ഘ്യമേറിയ ഈ ചലച്ചിത്രം രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. മരുഭൂമിയുടെ വന്യതയും വശ്യതയും ഭീകരതയും മനോഹരമായി ദൃശ്യവത്ക്കരിച്ചും പ്രകൃതിയുടെ ദുരൂഹ ഭാവങ്ങളെ ശബ്ദങ്ങളിലേക്ക് സന്നിവേശിപ്പിച്ചും എണ്ണമറ്റ ഫ്രയ്മുകളെ ചടുലമായി എഡിറ്റ്‌ ചെയ്തും സിനിമയെ അവിസ്മരണീയ അനുഭവമായിത്തീര്‍ക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നു.  ലോറന്‍സിനെ സ്ക്രീനില്‍ അവതരിപ്പിച്ച പീറ്റര്‍ ഒറ്റ്യൂളും ഷെരിഫ് നാസ്സിന്‍ എന്ന അറബ് പോരാളിയെ അനശ്വരനാക്കിയ ഒമര്‍ ഷരീഫും പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയതും ഈ സിനിമയിലൂടെയാണ്.   

July 13, 2014

പഥേര്‍ പാഞ്ചാലി (Song of the Little Road -1955)

ചിത്രം: പഥേര്‍ പാഞ്ചാലി - Song of the Little Road -1955(ഇന്ത്യന്‍)
ഭാഷ: ബംഗാളി 
തിരക്കഥ, സംവിധാനം: സത്യജിത്ത് റായ്
--------------------------------



ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് മുഖവര വേണ്ടാത്ത നാമങ്ങളാണ് സത്യജിത് റായും പഥേര്‍ പാഞ്ചാലിയും. ഇക്കാലയളവിനുള്ളിലും ലോക ക്ലാസിക്കുകളോട് തുലനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തിയ ഏക ചിത്രം ഇതുമാത്രമാണ് എന്നതില്‍ മഹാത്മ്യം വെളിവാകുന്നു.

സംവിധായകനെന്ന നിലയില്‍ റേയുടെ കന്നി സംരംഭമാണ് പഥേര്‍ പാഞ്ചാലി.  സിനിമയിലെ അപ്പു എന്ന ബാല കഥാപാത്രത്തെ കേന്ദ്രീകരിച്ച് ചിത്രീകരിച്ച അപ്പുത്രയങ്ങള്‍ എന്നറിയപ്പെടുന്ന സീരീസിലെ ആദ്യത്തെ സിനിമയാണിത്. ബംഗാളി എഴുത്തുകാരന്‍ ബീഹൂതി ഭൂഷന്‍ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കി റേ തന്നെ തിരക്കഥയോരുക്കിയിരിക്കുന്നു.

1925 കളിലെ വനമേഖലയോടു ചേര്‍ന്നുള്ള ഒരു ബംഗാള്‍ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥയൊരുക്കിയിരിക്കുന്നത്. എഴുത്തുകാരനും നാടകകൃത്തുമായ ഒരു ദരിദ്ര ബ്രാഹ്മണന്റെ കുടുംബ ജീവിതം. വൃദ്ധമാതാവും പത്നിയും രണ്ടു കുട്ടികളുമടങ്ങുന്ന ആ വീടിന്റെ നിത്യവൃത്തിക്കായുള്ള അധ്വാനം മുഖ്യ പ്രമേയമാകുമ്പോഴും ഒരേസമയം കുട്ടികളുടെ കൌതുക ലോകത്തേയും അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തേയും മനോഹരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു.

ലോ ബജറ്റില്‍ ബംഗാള്‍ ഗവര്‍മെന്റ് തന്നെ നിര്‍മ്മിച്ച ചിത്രം സാമ്പത്തിക പരാധീനതകള്‍ കൊണ്ട് പലതവണ മുടങ്ങിപ്പോയെങ്കിലും മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ടു. താരതമ്യേന പുതുമുഖങ്ങളായ ടെക്നിഷ്യന്‍മാരെയും അമച്വര്‍ നടന്മാരെയും അണിനിരത്തിയാണ് സിനിമ ചിത്രീകരിച്ചതെങ്കിലും റേ എന്ന പ്രതിഭയുടെ കരസ്പര്‍ശത്താല്‍  അതൊന്നും ചിത്രത്തിന്‍റെ പൂര്‍ണ്ണതയെ ബാധിച്ചില്ല. വെളിച്ചവും ചലനവും ക്രമീകരിക്കാനുള്ള സാങ്കേതികതങ്ങള്‍ ആ കാലഘട്ടത്തില്‍ ലഭ്യമല്ലായിരുന്നിട്ടും ഇന്നും ഒട്ടും മടുപ്പുളവാകാതെ  കണ്ടിരിക്കാന്‍ പറ്റുന്ന സീനുകള്‍. ഒരു നോവലിനെ സിനിമയാക്കുമ്പോള്‍ സംഭവിക്കുക സീനുകളുടെ ബാഹുല്യവും ചോര്‍ന്നു പോകുന്ന അന്തസത്തയുമാണ്. എന്നാല്‍ പഥേര്‍ പാഞ്ചാലിയില്‍ അനാവശ്യമെന്നു തോന്നുന്ന ഒരു ഷോട്ടുപോലും നമുക്ക് കണ്ടെടുക്കാനില്ല. പ്രകൃതിയും മനുഷ്യനുമായുള്ള ലയം. ഗ്രാമീണത. കഥപറച്ചിലിലെ രസം ചോര്‍ന്നുപോകാതെ ഒരു ചിത്രകാരന്റെ കലാചാരുതയോടെ പ്രകൃതിയെ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ചില ഷോട്ടുകള്‍. മഴ, ആമ്പല്‍ക്കുളം, ജലജീവികള്‍. ട്രെയിന്‍....അതൊക്കെ കൊണ്ടാവും സിനിമാ വിദ്യാര്‍ത്ഥികള്‍ ഇന്നും ഈ ചിത്രത്തെ പഠന വിധേയമാക്കുന്നത്.

ടെക്നിക്കല്‍ പെര്‍ഫക്ഷന്‍ ഒന്നും ശ്രദ്ധിക്കാത്ത സാധാരണ പ്രേക്ഷകര്‍ക്ക് സിനിമയിലെ തനിമയുള്ള ജീവിതം ഒരു അനുഭവമാകും. ജീവസുറ്റ കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക്  'റിയലിസം' കൊണ്ടുവന്നത് ഒരുപക്ഷേ റേ ആകാം. 'ബൈസിക്കിള്‍ തീഫ്സ്' പോലുള്ള ഇറ്റാലിയന്‍ സിനിമയോട് കിടപിടിക്കുന്ന ഒന്ന്. തീര്‍ച്ചയായും സിനിമയെ സ്നേഹിക്കുന്ന ഇന്ത്യക്കാര്‍ കണ്ടിരിക്കേണ്ട ചിത്രം. കാണുക.

April 30, 2014

ദി വൈറ്റ് ബലൂണ്‍ (The White Balloon -1995)

ദി വൈറ്റ് ബലൂണ്‍ -The White Balloon -1995 (ഇറാന്‍)
ഭാഷ: പേര്‍ഷ്യന്‍
സംവിധാനം: ജാഫര്‍ പനാഹി
----------------------

1995 കാന്‍ ചലച്ചിത്ര മേളയിലെ മികച്ച ചിത്രം. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കരിസ്തോമിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ എന്ന നിലയില്‍ ജാഫര്‍ പനാഹി നിരൂപക ശ്രദ്ധ നേടുന്നത് ഈ ചിത്രത്തോടെയാണ്. ആദ്യ കാലങ്ങളില്‍ കുട്ടികളെ കേന്ദ്രീകരിച്ച് സിനിമ ഒരുക്കിയിരുന്ന അദ്ദേഹം സമൂഹത്തിലെ ഗൌരവമേറിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയാണ് തന്‍റെ കടമ എന്ന് തിരിച്ചറിവില്‍ ഭരണകൂടത്തെ വെല്ലുവിളിച്ച് സിനിമയോരുക്കി ഇന്ന്‍ വിലക്ക് നേരിടുന്നു. എങ്കിലും
പില്‍ക്കാങ്ങളില്‍ ഏറെ വിഖ്യാതമായ മജീദ്‌ മജ്ദിയുടെ  ചിത്രങ്ങള്‍ക്ക് (ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ പോലെയുള്ള) പ്രേരണയായതും വൈറ്റ് ബലൂണിന്‍റെ ലാളിത്യവും സൌന്ദര്യവും തന്നെയാകാം.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഏവരും തിരക്കിട്ട് തയ്യാറെടുക്കുന്ന ഒരു വൈകുന്നേരമാണ് കഥ നടക്കുന്നത്. സജീവമായ കമ്പോളങ്ങള്‍, വഴി വാണിഭക്കാര്‍.. ഒരു ദരിദ്ര കുടുംബവും അവരുടെ പരാധീനതകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ന്യൂ ഇയര്‍ തയ്യാറെടുപ്പിലാണ്.സിനിമയിലെ കുടുംബം സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. പരിഹാസ്യമായ കാര്‍ക്കശ്യ സ്വഭാവം വെച്ചുപുലര്‍ത്തുന്ന ഗൃഹനാഥന്‍മാര്‍... കുടുംബ ഭാരം ചുമലിലേറ്റുന്ന സ്ത്രീ....കുട്ടികളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍...

ഒരു ചെറിയ കഥാതന്തുവിനെ വഴിയോരകാഴ്ചകളിലൂടെ വികസിപ്പിച്ച് മനോഹരമായി ദൃശ്യവത്കരിക്കുന്നതില്‍ മഹാനായ അബ്ബാസ് കരിസ്തോമിയുടെ തിരക്കഥയുടെ പങ്ക് സ്തുത്യര്‍ഹമാണ്. സിനിമയിലേറെയും നന്മയുള്ള കഥാപാത്രങ്ങളാണ്. അപ്രതീക്ഷിതമായത് സംഭവിക്കും എന്ന പ്രേക്ഷകന്‍റെ നെഗറ്റീവ് ചിന്താഗതിയെ അല്ലെങ്കില്‍ കുടില ബുദ്ധിയെ വേണ്ടവിധം ചൂഷണം ചെയ്തു പരാജയപ്പെടുത്തുക മാത്രമേ കഥാകാരന്‍ ചെയ്യുന്നുള്ളൂ.

തികച്ചും അപ്രധാനമായി അവസാന രംഗങ്ങളില്‍ കടന്നുവരുന്ന, കഥയുടെ പരിസമാപ്തിയില്‍  മുഖ്യപങ്കു വഹിക്കുന്ന ബലൂണ്‍ കച്ചവടക്കാരനായ അഫ്ഗാന്‍ ബാലന്‍ മറ്റുകഥാപാത്രങ്ങളാല്‍ വിസ്മരിക്കപ്പെടുന്നതോടെ കഥ തീരുകയാണ്. അവസാന ഫ്രെയ്മില്‍ ആ ബാലനെ മാത്രം സ്ക്രീനില്‍ അവശേഷിപ്പിച്ച് തിരസ്കൃതനെ പ്രേക്ഷകര്‍ മറക്കാത്തക്കവിധം പേരിനോട് ചേര്‍ത്തു ബന്ധിച്ച് അവസാനിപ്പിക്കുന്നിടത്താണ് സിനിമയുടെ മാജിക് ടച്ച്‌! 

February 17, 2014

റഷ് (Rush -2013)

ചിത്രം: റഷ്- Rush -2013 (ജെര്‍മനി, യു.കെ)
ഭാഷ: ഇംഗ്ലീഷ്, ജര്‍മ്മന്‍
സംവിധാനം: റോണ്‍ ഹവാര്‍ഡ്
-------------------------------------------

1970 കളിലെ രണ്ടു ഫോര്‍മുല-1 താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ. ജെയിംസ് ഹണ്‍ട്ട്, നിക്കി ലൂഡ എന്നിവര്‍ ട്രാക്കിലെ ബദ്ധവൈരികളാണ്. ട്രാക്കില്‍ ജയത്തില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് തയാറല്ലാത്ത ഇരുവരുടെയും വ്യക്തി ജീവിതം തികച്ചും വ്യത്യസ്തമാണ്. ജെയിംസ് ഗ്ലാമര്‍ ലോകത്തെ താരവും നിക്കി ഒരു കറകളഞ്ഞ  പ്രോഫഷണലും.

ട്രാക്കിലും പുറത്തും വാക്ക്പോരുകള്‍ക്ക് മടിക്കാത്ത ഇരുവരെയും മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയാണ് അവരുടെ പ്രൊഫഷനല്‍ വൈര്യം. ഗുരുതരമായൊരു അപകടത്തിനു ശേഷം ട്രാക്കിലേയ്ക്ക് വേഗം മടങ്ങി വരുവാന്‍ നിക്കിയെ പ്രേരിപ്പിക്കുന്നതും  തന്‍റെ അസാന്നിധ്യത്തില്‍ എതിരാളിയുടെ നേട്ടത്തിലുള്ള അസന്തുഷ്ടി മാത്രമാണ്. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ് അത്യാസന്നനിലയില്‍ ഇന്‍റെന്സീവ് കെയര്‍ യൂണിറ്റില്‍ കഴിയുമ്പോള്‍ അയാളുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് ജെയിംസിന്‍റെ വിജയങ്ങള്‍ ടി.വി യില്‍ കാണുമ്പോഴാണ്. ആ ഒരു സീന്‍ മതി സിനിമയെ അടയാളപ്പെടുത്തുവാന്‍.  

വേഗതയുടെ ട്രാക്കിനും അപ്പുറം ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതായിരുന്നു എന്ന തിരിച്ചറിവിലാണ് സിനിമ അവസാനിക്കുന്നത്.

ടോം ഹാക്സിന്‍റെ 'അപ്പോളോ-13'(1995), ഡാവിഞ്ചി കോഡ്(2006), ഏന്ജല്സ് ആന്‍ഡ്‌ ഡെമോന്‍സ് (2009), മെല്ഗിബ്സന്‍റെ 'റാന്സം (1996)', റസല്‍ ക്രോവിന്‍റെ 'എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് (2001), സിണ്ട്രലാല്ലാ മാന്‍ (2005), തുടങ്ങി ഹോളിവുഡില്‍ ഒരുപിടി ഹിറ്റുകള്‍ ഒരുക്കിയ റോണ്‍ ഹവാര്‍ഡിന്‍റെ 2013 ലെ ഒരു തകര്‍പ്പന്‍ സിനിമ "റഷ്"!

February 16, 2014

ചിത്രം : മഡ് -MUD -2012 (യു.എസ്)
ഭാഷ: ഇംഗ്ലീഷ്
തിരക്കഥ, സംവിധാനം: ജെഫ് നിക്കോളസ്
-----------------------------

2013 ലെ ഓസ്കാര്‍ പട്ടികയില്‍ മാത്യു മക്നോയിയെയും Dallas Buyers Club നെയും പറ്റിയുള്ള ചര്‍ച്ചകള്‍ മുറുകുമ്പോഴാണ് അദ്ദേഹത്തിന്റെ മറ്റൊരു പടം കണ്ടുകളയാന്‍ തീരുമാനിച്ചത്. പോയ വര്ഷം ഇറങ്ങിയ മഡ് എന്ന ചിത്രം.

മിസിസിപ്പി നദിയിയോരത്ത് വസിക്കുന്ന ചിലയാളുകളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. എലിസ് എന്ന പതിനാലു വയസുകാരനും സുഹൃത്തും നദിയിലൂടെ ബോട്ട് യാത്ര ചെയ്ത് ചെറിയൊരു തുരുത്തില്‍ എത്തിപ്പെടുന്നു. അവിടെ ഉടമസ്ഥനില്ലാത്ത, മരത്തില്‍ കയറ്റിവെച്ചോരു ബോട്ട് കണ്ടെത്തുന്നു. ഒപ്പം ദ്വീപില്‍ ഒളിവില്‍ പാര്‍ക്കുന്ന കുറ്റവാളിയായ മഡ് എന്ന അപരിചിതനേയും. രക്ഷപെടുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ അയാള്‍ കുട്ടികളെ ഉപയോഗപ്പെടുത്തുന്നു.

വ്യത്യസ്തതയുള്ളതും ആകാംഷ ഉളവാക്കുന്നതുമായ കഥപറച്ചില്‍ രീതിയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജെഫ് നിക്കോള്‍സ് അവലംബിച്ചിരിക്കുന്നത്. അദേഹത്തിലെ തിരക്കഥാകൃത്തിന്റെ നിയന്ത്രണമാണ് സിനിമയെ വേറിട്ട്‌ നിര്‍ത്തുന്നതും. എലിസ് എന്ന കൌമാരക്കാരനിലൂടെ സ്നേഹബന്ധങ്ങളെ നോക്കിക്കാണുകയാണ് ചിത്രം. സ്വന്തം മാതാപിതാക്കളുടെ ജീവിതം, അപരിച്ചതനായ കുറ്റവാളിയും അയാള്‍ കാത്തിരിക്കുന്ന കാമുകിയും തമ്മിലുള്ള ബന്ധം, പ്രേമമെന്നു തെറ്റിദ്ധരിക്കപ്പെടുന്ന സ്വന്തം അനുഭവം ഒക്കെ കൂട്ടി വായിക്കാന്‍ ശ്രമിക്കുകയാണ് എലിസ്. എങ്കിലും ഓരോ ബന്ധങ്ങളും വ്യക്തികള്‍ക്ക് അനുസൃതമായി വേറിട്ട്‌ നില്‍ക്കുന്നു എന്ന് തിരിച്ചറിയുന്നു.

ഇത്തരം ചിന്തകള്‍ ദാര്‍ശനികമായൊരു തലത്തില്‍ നിന്ന് പറയാതെ, എല്ലാത്തരം പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന വിധം ത്രില്ലിംഗ് എലെമെന്റ്സ് ചേര്‍ത്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതിലാണ് സിനിമയുടെ വിജയം. മഡ് എന്ന കഥാപാത്രം മാത്യു മക്നോയിയുടെ കയ്യില്‍ ഭദ്രമാണ്.

February 09, 2014

12 ഇയേര്‍സ് എ സ്ലേവ് (12 Years a Slave -2013)

ചിത്രം: 12 ഇയേര്‍സ് എ സ്ലേവ് - 12 Years a Slave -2013 - (യു.കെ , യു. എസ് )
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: സ്റ്റീവ് മക്യൂന്‍
------------------------------------


സോളമന്‍ നോര്‍തംപ് എന്ന അമേരിക്കക്കാരന്റെ ജീവിതകഥയായ 12 Years a Slave എന്ന പുസ്തകത്തിന്‍റെ ചലച്ചിത്രാവിഷ്കാരം. 1850 കളിലെ അടിമ കച്ചവടവും കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടേണ്ടി വന്ന യാചനകളും വരച്ചുകാട്ടുന്ന ചിത്രം.

1840 കളില്‍ വാഷിങ്ങ്ടണില്‍ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തോടൊപ്പം സന്തുഷ്ട ജീവിതം നയിച്ച്‌ വരികയായിരുന്നു സോളമന്‍. കാര്‍പെന്‍റ്ററും നല്ല വയലിനിസ്റ്റുമായ അയാള്‍ കറുത്ത വര്‍ഗ്ഗക്കാരനായിരുന്നെങ്കിലും സമൂഹത്തില്‍ സ്വീകാര്യനും ബഹുമാന്യനുമായിരുന്നു. ന്യൂയോര്‍ക്കില്‍ രണ്ടാഴച്ച നീളുന്ന സംഗീത പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം സ്വീകരിക്കുന്ന സോളമന്‍ ചതിവില്‍ പെടുന്നു. സ്വന്തം കുടുംബവും സൈര്യജീവിതവും നഷ്ടപ്പെട്ട് "പ്ലാറ്റ് എന്ന പുതിയ പേരില്‍ അടിമ ചന്തയില്‍ വില്‍ക്കപ്പെടുന്നു. പിന്നീടുള്ള പന്ത്രണ്ടു വര്‍ഷക്കാലം സമ്പന്നരുടെ കൃഷിയിടങ്ങളില്‍ അടിമപ്പണി ചെയ്ത് നരക തുല്യമായ ജീവിതം!

യഥാര്‍ത്ഥ സംഭവത്തെ ദൃശ്യവത്കരിക്കുന്നു എന്നതിനാല്‍ തന്നെ സിനിമയിലെ കാഴ്ചകള്‍ നമ്മെ വേദനിപ്പിക്കും. കേട്ടതും വായിച്ചറിഞ്ഞതുമായ അടിമത്വം എത്ര ഭീകരമായ അവസ്ഥയാണ് എന്ന് തിരിച്ചറിയും. എബ്രഹാം ലിങ്കണും ജോര്‍ജ് വാഷിങ്ങ്ടനും പടവെട്ടി നേടിയത് എത്ര മഹത്തരമായ കര്‍മ്മമാണ്‌ എന്ന് തിരിച്ചറിയും.

ഷിവിറ്റല്‍ എജിയോഫര്‍ എന്ന നടന്‍ സോളമന്‍ നോര്‍തംപായി ജീവിക്കുകയാണ്.  കുടുംബത്തോട് എന്നെങ്കിലും ചേരുവാനാകും എന്ന പ്രതീക്ഷയില്‍ മരണത്തിനു മാത്രം പിടികൊടുക്കാതെ എല്ലാം സഹിച്ചു കഴിയുമ്പോഴും നിസഹായതയില്‍ നിന്നും ഉടലെടുക്കുന്ന നിരാശ അയാളെ വേട്ടയാടുന്നുണ്ട്‌. അതി വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങളില്ലാതെ ദയനീയമായ ഒരു നോട്ടത്തിലൂടെ പ്രേക്ഷകന്‍റെ ഉള്ളിലേയ്ക്ക് വേദനയുടെ ഒരു  അമ്പ് തോടുത്തുവിടാന്‍ പര്യാപതമാണ് ആ ഭാവങ്ങള്‍.

ഓര്‍മ്മയില്‍ മാഞ്ഞുപോകാത്ത  ചില മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. ഒരു ഗോസ്പല്‍ സംഗീതജ്ഞനായിട്ടും ദൈവംപോലും കൈവെടിഞ്ഞെന്ന തോന്നല്‍... ഇനിയൊരു മടങ്ങിപ്പോക്ക് ഇല്ലാത്ത വിധം പൂര്‍വകാലത്തില്‍ താന്‍ എന്തായിരുന്നു എന്നത് വിസ്മരിച്ച് കൂടെയുണ്ടായിരുന്ന ഒരു അടിമപ്പണിക്കാരന്റെ മൃതദേഹം മറവു ചെയ്യുമ്പോള്‍ അവസാന പ്രാര്‍ത്ഥന ചൊല്ലാന്‍ മറന്ന് മണ്ണ്‌ വെട്ടിയിടുന്ന രംഗം. കുഴിമാടത്തിനു മുന്‍പില്‍ പാട്ട് പാടി അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ വിമുഖനായി നില്‍ക്കുമ്പോഴും അറിയാതെ ഹൃദയം തകര്‍ന്നു പാടിപ്പോകുന്ന രംഗം....അങ്ങനെയങ്ങനെ..... അവസാന രംഗങ്ങള്‍ കണ്ട്  കണ്ണ്‍ നിറയാത്തവര്‍ ചുരുക്കമായിരിക്കും.

Comments