April 20, 2016

Wag the Dog

Wag the Dog

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിലവിലെ പ്രസിഡന്റിനു മേല്‍ ലൈംഗിക പീഡന ആരോപണം ഉണ്ടാവുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. ജനശ്രദ്ധ മുഴുവന്‍ ഈ വിഷയത്തിലായതിനാല്‍ പ്രസിഡന്റിന്റെ തോല്‍വി ഏറെക്കുറെ ഉറപ്പാണെന്ന്‍ വിദഗ്ദര്‍ കണ്ടെത്തുന്നു. പ്രസിഡന്റിനെ സംരക്ഷിച്ചുകൊണ്ട് സാഹചര്യത്തെ തന്ത്രപരമായി നേരിടാന്‍ വൈറ്റ്‌ഹൌസിലെ കുശാഗ്രബുദ്ധിയായ കൊനാഡ് ബ്രീന്‍ എന്ന വ്യക്താവ് തീരുമാനിക്കുന്നു. അയാള്‍ ഒരു പ്രശസ്ത ഹോളിവുഡ് സിനിമ നിര്‍മ്മാതാവുമായി ചേര്‍ന്ന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. 

അല്‍ബേനിയയുമായി പെട്ടെന്ന്‍ ഉണ്ടാകുന്ന ഒരു യുദ്ധത്തിലേക്ക് രാജ്യത്തെ വാര്‍ത്താ ചാനലുകളുടെ ശ്രദ്ധ തിരിയുന്നു. ഹോളിവുഡ് സിനിമക്കാരന്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത സെറ്റും വ്യാജയുദ്ധത്തിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ചാനലുകള്‍ വിളമ്പിയത്.  വിഷയം ശ്രദ്ധയില്‍ പെട്ട അമേരിക്കന്‍ ചാര സംഘടന CIA നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്തുന്നു. അധികാരകേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിജീവിച്ച് സത്യാവസ്ഥ വെളിപ്പെടുത്താന്‍ മാര്‍ഗ്ഗമില്ലെങ്കിലും യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിപ്പിച്ച് പ്രസിഡന്റിന്റെ ഉപചാപകവൃന്ദത്തിന്റെ തുടര്‍നീക്കങ്ങള്‍ക്ക്‌ തടയിടുന്നു. വീണ്ടും മാധ്യമങ്ങള്‍ ലൈഗികവിഷയത്തിലേക്ക് തിരിയുന്നു.

1997ല്‍ ഈ ചിത്രം ഇറങ്ങിയതിന്റെ അടുത്ത മാസങ്ങളിലാണ് പ്രസിഡന്റ് ബില്‍ക്ലിന്റന്‍-മോണിക്ക ലെവന്‍സ്കി അവിഹിതം പുറംലോകത്തെത്തുന്നത്. അന്നും സുഡാനിലെ അല്‍ഷിഫാ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിക്ക് അല്‍ക്വയ്ദ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന്‍ സ്ഥാപിച്ച് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയിരുന്നു എന്നതും ചരിത്രവസ്തുതയാണ്. 

സിനിമയില്‍ പ്രശ്നങ്ങള്‍ അവിടെക്കൊണ്ട് അവസാനിക്കുന്നില്ല. വീണ്ടും സൂത്രധാരനും സിനിമാക്കാരനും ചേര്‍ന്ന്‍ സംഭവങ്ങള്‍ പുതിയ ദിശയിലേക്ക് തിരിച്ചുവിടുന്നു. സിനിമാ കഥയിലെപ്പോലെ ഒരു ട്വിസ്റ്റ്. അവര്‍ ഒരു യുദ്ധവീരനെ സൃഷ്ടിക്കുന്നു. ജനം അയാളുടെ വീരകഥകള്‍ക്ക് പിന്നാലെ പായുന്നു. പ്രത്യേക സാഹചര്യത്തില്‍ അയാളും കൊല്ലപ്പെടുന്നു. അതിനെയും സാധൂകരിക്കുന്ന വിശദീകരണങ്ങള്‍ വരുന്നു. ഒടുവില്‍ ഉപചാപകര്‍ ലക്ഷ്യം കൈവരിക്കുന്നു. പ്രസിഡന്റ് വിജയിക്കുന്നു. ജീവിത പ്രതിസന്ധികളോട്, വ്യാജമായ ആരോപണങ്ങളോട് ഒക്കെ പടപൊരുതി വിജയിച്ച നേതാവ് നാഷണല്‍ ഹീറോയാകുന്നു.

കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ കപട മുഖങ്ങളെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് കാര്യമായ അറിവൊന്നും ഇല്ലാതിരുന്ന കാലത്ത് അത്ഭുതത്തോടും അവിശ്വസനീയതയോടും ആസ്വദിച്ചിരുന്ന ഈ സിനിമയുടെ ചുറ്റുപാട് ഇന്ന്‍ നമുക്ക് പരിചിതമാണ്. ആയുധമായാലും ആശയമായാലും വികസിത രാജ്യങ്ങളില്‍ പരീക്ഷിച്ച തന്ത്രങ്ങള്‍ കാലക്രമേണ വികസ്വരരാജങ്ങളില്‍ എത്തിപ്പെടുന്നു. സിനിമ സംവദിക്കുന്ന കറുത്തഹാസ്യം ഇന്നിന്റെ  യാഥാര്‍ഥ്യങ്ങളോട് ചേര്‍ത്തുവെക്കുമ്പോള്‍ അതാത് ദേശങ്ങളിലെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനാവുന്ന അനുഭവമാകുന്നു. വ്യാജ ആക്രമണങ്ങളും കെട്ടിച്ചമച്ച വാര്‍ത്തകളും നിത്യേന പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു.  വഴികാട്ടേണ്ട മാധ്യമങ്ങള്‍ക്ക് ദിശതെറ്റുമ്പോള്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മറ്റു തൂണുകളിലും വിള്ളലുണ്ടാവുന്നു. 

ലാറി ബിന്‍ഹാര്‍ട്ടിന്റെ അമേരിക്കന്‍ ഹീറോ എന്ന നോവലിന്റെ ചുവടുപിടിച്ചാണ് വാഗ് ദ ഡോഗിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ലോകസിനിമയിലെ അഭിനയ കുലപതികളായ റോബര്‍ട്ട് ഡി നിറോയും ഡസ്‌റ്റന്‍ ഹോഫ്മാനും ഈ ചിത്രത്തില്‍ മത്സരിച്ചഭിനയിച്ചിരിക്കുന്നു. സ്ടാന്‍ലി മോട്ട്സ് എന്ന സിനിമാ നിര്‍മ്മാതാവിന്റെ  കഥാപാത്രം  ഡസ്‌റ്റന്‍ ഹോഫ്മാന് 1998 മികച്ച നടനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടിക്കൊടുത്തു.  

April 17, 2016

All Quiet On The Western Front (1930)
All Quiet On The Western Front
(പടിഞ്ഞാറെ മുന്നണിയില്‍ എല്ലാം ശാന്തമാണ്)

എറിക് മരിയ റിമാര്‍ക്കിന്റെ All Quiet On Western Front എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് അതേ പേരിലുള്ള സിനിമ.  പല കാലഘട്ടങ്ങളില്‍ നാടകമായും ടെലി സീരിയലായും ചലച്ചിത്രമായും പുനരാവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും  1930 ല്‍ ലൂയിസ് മൈല്‍സ്റ്റോണ്‍ സംവിധാനം ചെയ്ത്, നിര്‍മ്മാണത്തിനും സംവിധാനത്തിനുമുള്ള രണ്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പ്രഥമ ദൃശ്യാവിഷ്കാരമാണ് ഏറ്റവും ശേഷ്ഠമായി കണക്കാക്കപ്പെടുന്നത്. ചിത്രം മുന്നോട്ടുവെക്കുന്ന യുദ്ധവിരുദ്ധ സന്ദേശങ്ങള്‍കൊണ്ടും കാലത്തെ അതിജീവിക്കുന്ന സാങ്കേതികതികവുകൊണ്ടും ലോക ക്ലാസ്സിക്കുകളുടെ ഗണത്തില്‍ ഇത് സ്ഥാനം പിടിക്കുന്നു.  
ഒന്നാംലോക മഹായുദ്ധകാലത്തെ ജര്‍മ്മനി. ദേശസ്നേഹത്തെക്കുറിച്ചുള്ള അധ്യാപകന്റെ പ്രഭാഷണം കേട്ട് ആവേശോജ്വലരായ ഒരു പറ്റം സ്കൂള്‍കുട്ടികള്‍  തങ്ങളുടെ ക്ലാസ് റൂം ഉപേക്ഷിച്ച് സൈന്യത്തില്‍ ചേരുന്നു. ചുരുങ്ങിയ കാലം മാത്രം പരിശീലനം നല്‍കി പെട്ടന്നുതന്നെ ഇവരെ പോര്‍മുഖത്തേക്ക് അയക്കുകയാണ്. യുദ്ധമെന്താണെന്നോ അതിന്റെ ഭീകരത എത്ര വലുതാണെന്നോ അറിയാത്ത കുട്ടികള്‍, അവരിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ സ്വയം എടുത്തുചാടിയ പടുകുഴിയില്‍ നിന്നുകൊണ്ട് അവര്‍ ജീവിതത്തെ നോക്കിക്കാണുകയാണ്.
പോള്‍ എന്ന കൌമാരക്കാരന്റെ കണ്ണിലൂടെയാണ് കഥ വികസിക്കുന്നത്. അയാളുടെ ലോകം, അയാള്‍ക്ക് ചുറ്റുമുള്ളവരുടെ ലോകം. പതിനെട്ടാം വയസ്സില്‍, വെറും രണ്ടുവര്‍ഷത്തെ യുദ്ധാനുഭവം കൊണ്ട് തങ്ങള്‍ വൃദ്ധന്മാരായി എന്നവര്‍ പറയുന്നു. മുന്നണിയില്‍ നിന്നൊരു മടങ്ങിപ്പോക്ക് അസാധ്യമായ, ചിത്രശലഭത്തെപ്പോലെ ക്ഷണികമായ സൈനിക ജീവിതത്തിന്റെ ദാര്‍ശനികവശം കൂടി സിനിമ സംവദിക്കുന്നുണ്ട്. പൊട്ടിച്ചിതറുന്ന ഷെല്ലുകള്‍ക്കിടയില്‍, വര്‍ഷംപോലെ പെയ്യുന്ന ബുള്ളറ്റുകള്‍ക്ക് നടുവില്‍, താത്കാലിക അഭയം തേടുന്ന ട്രെഞ്ചുകള്‍ക്കുള്ളില്‍, മുറിവേറ്റ് വീഴുന്ന മണ്ണില്‍,  ആശുപത്രി കിടക്കകളില്‍, ക്യാമ്പിലെ അല്‍പമാത്ര ഉല്ലാസങ്ങളില്‍ എല്ലാം അവര്‍ തമാശകള്‍ പറയുന്നു. ജീവിതത്തിന്റെ കറുത്ത ഹാസ്യം.    
നോവലിസ്റ്റിന്റെ യഥാര്‍ത്ഥ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നിലെ ചരിത്രത്തിലേക്കാണ്‌ നാം പോകുന്നതെങ്കിലും യുദ്ധങ്ങള്‍ അവസാനിക്കാത്ത കാലത്തോളം പഴക്കമേല്‍ക്കാത്ത ആശയമാണ്  സിനിമ പങ്കുവെക്കുന്നത്. യുദ്ധം ഭ്രാന്തമായൊരു സത്യമാണ്. മണ്ണിനെയും മനുഷ്യരെയും ജന്തുജീവിജാലങ്ങളെയും തുടച്ചുനീക്കുമ്പോഴും സ്വയം പോറലേല്‍ക്കാതെ കാലദേശങ്ങള്‍ മാറിമാറി യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ ഏതോ കോണില്‍ ആരൊക്കയോ ഉടമ്പടികള്‍ ഒപ്പുവെക്കുമ്പോഴോ ഉടമ്പടികള്‍ ലംഘിക്കപ്പെടുമ്പോഴോ യുദ്ധം ചെയ്യേണ്ടി വരുന്ന നിസ്സഹായനായ പട്ടാളക്കാരന്‍.
സ്വന്തം ജീവന്‍ അടുത്ത നിമിഷത്തേക്ക് സംരക്ഷിച്ചു നിര്‍ത്തുക എന്നതിലുപരി തനിക്കെതിരെ വെടിയുതിര്‍ക്കുന്ന  ശത്രുസൈനികനോട് ഒരു പട്ടാളക്കാരന് എന്ത് വിരോധം? തന്റെ കയ്യാല്‍ കൊല്ലപ്പെടുന്ന ശത്രു സൈനികന് ഒരിറ്റ് വെള്ളം നല്‍കി പോള്‍ വേദനിക്കുമ്പോള്‍ യുദ്ധത്തിന്റെ നിരര്‍ത്ഥകതതയും മനുഷ്യത്ത്വമെന്ന മഹനീയ സന്ദേശവും പങ്കുവെക്കപ്പെടുന്നു. ഭരണകൂട താത്പര്യങ്ങള്‍ക്കപ്പുറം യുദ്ധം വ്യക്തികളുടെ മാത്രം നഷ്ടമാണെന്നതാണ് സിനിമയുടെ കാതല്‍. വ്യക്തിയില്‍ നിന്ന് കുടുംബങ്ങളിലേക്ക് പടരുന്ന നഷ്ടങ്ങളുടെ വ്യാപ്തി. യുദ്ധത്തിന് ഒന്നിനോടും സമരസപ്പെടാനാകില്ല. ആരോടും അനുകമ്പയില്ല. നിറഞ്ഞ പാത്രങ്ങള്‍ ഒഴിയുന്നു, അവ വീണ്ടും നിറയ്ക്കപ്പെടുന്നു. അതുപോലെ മുന്നണിയിലേക്ക് പുതിയ പട്ടാളക്കാര്‍ ഒഴുകുന്നു, ക്ഷണനേരംകൊണ്ട്  അവര്‍ അപ്രത്യക്ഷരാകുന്നു.
പട്ടാളക്യാമ്പിലെ പരാധീനതകളും, യുദ്ധമുന്നണിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന്‍ ഒരിക്കല്‍ പോലും അറിഞ്ഞിട്ടില്ലാത്ത സൈനിക മേധാവികളും, അടിക്കടി ദേശസ്നേഹത്തെക്കുറിച്ച് വാചാലരായി യുവത്വത്തെ വഴിതെറ്റിക്കുന്ന പ്രാസംഗികരും, ഹോട്ടലിലും ബാറിലും ഇരുന്ന്‍ നേരമ്പോക്കിനായി യുദ്ധതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്ന ബുദ്ധിജീവി വര്‍ഗ്ഗവും ഒക്കെ അതിര്‍ത്തികളില്ലാതെ ലോകത്തിനു പരിചിതമായ വിഷയങ്ങളാണ്. അതുതന്നെയാണ് All Quiet On Western Front എന്ന സിനിമയെ കാലാതിവര്‍ത്തിയാക്കുന്നതും.


April 06, 2016

IDA - ഇഡ
ഇഡ

രണ്ടാം ലോകമഹായുദ്ധാനന്തരം ജര്‍മ്മന്‍ അധിനിവേശത്തില്‍നിന്ന് സ്വതന്ത്രമായ പോളണ്ടിന്റെ (പീപ്പിള്‍സ്‌ റിപബ്ലിക് ഓഫ് പോളണ്ട്) ചരിത്ര പശ്ചാത്തത്തിലാണ് ഇഡ എന്ന സിനിമയുടെ കഥ വികസിക്കുന്നത്. മഠത്തില്‍ അനാഥയായി വളര്‍ത്തപ്പെട്ട ആന്‍ എന്ന പെണ്‍കുട്ടി വിശുദ്ധ വസ്ത്രം സീകരിച്ച് കന്യാസ്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. വിശ്വാസപ്രഖ്യാപനത്തിനു മുന്നോടിയായി സ്വന്തം ബന്ധു മിത്രാദികളെ സന്ദര്‍ശിച്ചു വരിക പരമ്പരാഗതമായൊരു കീഴ്വഴക്കമാണ്. ഔദ്യോഗിക രേഖകളില്‍ സൂചിപ്പിച്ചിട്ടുള്ള അകന്ന ബന്ധുവിനെ ഒരിക്കല്‍ പോലും  കണ്ടിട്ടില്ലെങ്കിലും അവരുടെ അടുത്തേക്ക് പോകാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. മഠത്തിന്റെ മതില്‍ക്കെട്ടിനു വെളിയില്‍ തന്റെ ഭൂതകാലവും അത്രയും കാലം പരിചിതമല്ലാത്ത പുതിയ ലോകവും ആ യാത്രയിലൂടെ അവള്‍ കണ്ടെത്തുകയാണ്.
താന്‍ ഇഡ എന്ന ജൂത പെണ്‍കുട്ടിയാണെന്നും മാതാപിതാക്കള്‍ ജൂത കൂട്ടക്കൊലയുടെ ഇരകളായതാണ് അനാഥത്വത്തിനു കാരണമെന്നും അവള്‍ മനസ്സിലാക്കുന്നു. അവള്‍ തേടിപ്പിടിച്ച സ്ത്രീ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന, കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള റിപബ്ലിക്ക് ഓഫ് പോളണ്ടിലെ നീതിന്യായ കോടതിയില്‍ ശിക്ഷ വിധിക്കാന്‍ കെല്പുള്ള കൌണ്‍സിലറായിരുന്നു. ഇഡയുടെ നിര്‍ബന്ധത്താല്‍ അവളുടെ മാതാപിതാക്കളെക്കുറിച്ചുള്ള അന്വേഷണം ഇരുവരും ചേര്‍ന്ന്‍ ആരംഭിക്കുന്നു.
പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ ചിത്രീകരിച്ചിട്ടും മിഴിവ് ഒട്ടും ചോര്‍ന്നു പോകാത്ത ദൃശ്യാനുഭവമാണ് സിനിമ പ്രദാനംചെയ്യുന്നത്. കാലഘട്ടത്തിന്റെ കറുത്ത ഏടുകളിലെ നിറമില്ലാത്ത ജീവിതങ്ങളെ അടയാളപ്പെടുത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം സംവിധായകന്‍ പവല്‍ അലക്സാണ്ടര്‍ പോളികോവ്സ്കി അവലംബിച്ചതാവാം.
ലഘുവായ സംസാരശകലങ്ങള്‍ക്കിടയിലെ നിശബ്ദതയാണ് സിനിമയെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. വിവരിക്കാത്തതിനേക്കാള്‍ അധികം വായിച്ചെടുക്കാനുള്ള അവസരം സൂഷ്മമായ തിരക്കഥ അവശേഷിപ്പിക്കുന്നുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ എത്രയോ അധികം തിരസ്കരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളാവാം.   
യുദ്ധകാലത്തെ കുരുതികളുടെ ഉത്തരവാദിത്വം ഒരു പൊതു ശത്രുവില്‍ വെച്ചൊഴിയുകയാണ് പതിവ്. ഹോളോകാസ്റ്റ്, സ്റ്റാലിനിസ്റ്റ് ഭരണത്തിലെ സെമിറ്റിക് മതനിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ ഒക്കെ സിനിമ പറയാതെ പറയുന്ന സത്യങ്ങളാണ്. യുദ്ധം നിരപരാധികളുടെ വിധിയാണെങ്കിലും ഏത് സാഹചര്യങ്ങളെയും അവസരമാക്കി ഉപയോഗപ്പെടുത്താമെന്ന മനുഷ്യന്റെ സ്വാര്‍ത്ഥചിന്തയിലേക്കാണ് അന്വേഷണം ചെന്നു നില്‍ക്കുന്നത്.  നാസ്സികളുടെ ആക്രമണം ഭയന്നുപാര്‍ക്കുന്ന കുടുംബത്തെ ഉന്മൂലനം ചെയ്യുന്നത് അഭയം കൊടുക്കുന്നവര്‍ തന്നെയാണെന്ന വസ്തുത ഒരേസമയം നമ്മെ ഭീതിപ്പെടുത്തുകയും ലജ്ജിപ്പിക്കുകായും ചെയ്യും.
ആത്മീയതയും ലൌകികതയും ജീവിതത്തിന്റെ വിരുദ്ധ ധ്രുവങ്ങളാണ്. എല്ലാ വസ്തുക്കളെയും പോലെ തന്നെ തുലാസില്‍ തൂക്കി നോക്കി മൂല്യം നിര്‍ണ്ണയിക്കേണ്ടതാണ് ഇവയുമെന്ന് സമര്‍ത്ഥച്ചുകൊണ്ടാണ് സിനിമ പിന്‍വാങ്ങുന്നത്. ഒരു റോഡ്‌ മൂവിയുടെ ആകാംഷ, ചരിത്രത്തിന്റെ പിന്‍ബലം, പുതിയ ഉള്‍ക്കാഴ്ചകള്‍ എല്ലാം യഥോവിധം സമന്യയിക്കുമ്പോള്‍ എല്ലാ പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന മനോഹര കലാസൃഷ്ടിയായി ഇഡ എന്ന പോളിഷ് ചലച്ചിത്രം മാറുന്നു. 2015 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ഉള്‍പടെ കരസ്ഥമാക്കിയ നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രത്തിന്റെ മികവിന് മാറ്റു കൂട്ടി. 

Comments