April 30, 2014

ദി വൈറ്റ് ബലൂണ്‍ (The White Balloon -1995)

ദി വൈറ്റ് ബലൂണ്‍ -The White Balloon -1995 (ഇറാന്‍)
ഭാഷ: പേര്‍ഷ്യന്‍
സംവിധാനം: ജാഫര്‍ പനാഹി
----------------------

1995 കാന്‍ ചലച്ചിത്ര മേളയിലെ മികച്ച ചിത്രം. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കരിസ്തോമിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ എന്ന നിലയില്‍ ജാഫര്‍ പനാഹി നിരൂപക ശ്രദ്ധ നേടുന്നത് ഈ ചിത്രത്തോടെയാണ്. ആദ്യ കാലങ്ങളില്‍ കുട്ടികളെ കേന്ദ്രീകരിച്ച് സിനിമ ഒരുക്കിയിരുന്ന അദ്ദേഹം സമൂഹത്തിലെ ഗൌരവമേറിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയാണ് തന്‍റെ കടമ എന്ന് തിരിച്ചറിവില്‍ ഭരണകൂടത്തെ വെല്ലുവിളിച്ച് സിനിമയോരുക്കി ഇന്ന്‍ വിലക്ക് നേരിടുന്നു. എങ്കിലും
പില്‍ക്കാങ്ങളില്‍ ഏറെ വിഖ്യാതമായ മജീദ്‌ മജ്ദിയുടെ  ചിത്രങ്ങള്‍ക്ക് (ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ പോലെയുള്ള) പ്രേരണയായതും വൈറ്റ് ബലൂണിന്‍റെ ലാളിത്യവും സൌന്ദര്യവും തന്നെയാകാം.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഏവരും തിരക്കിട്ട് തയ്യാറെടുക്കുന്ന ഒരു വൈകുന്നേരമാണ് കഥ നടക്കുന്നത്. സജീവമായ കമ്പോളങ്ങള്‍, വഴി വാണിഭക്കാര്‍.. ഒരു ദരിദ്ര കുടുംബവും അവരുടെ പരാധീനതകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ന്യൂ ഇയര്‍ തയ്യാറെടുപ്പിലാണ്.സിനിമയിലെ കുടുംബം സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. പരിഹാസ്യമായ കാര്‍ക്കശ്യ സ്വഭാവം വെച്ചുപുലര്‍ത്തുന്ന ഗൃഹനാഥന്‍മാര്‍... കുടുംബ ഭാരം ചുമലിലേറ്റുന്ന സ്ത്രീ....കുട്ടികളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍...

ഒരു ചെറിയ കഥാതന്തുവിനെ വഴിയോരകാഴ്ചകളിലൂടെ വികസിപ്പിച്ച് മനോഹരമായി ദൃശ്യവത്കരിക്കുന്നതില്‍ മഹാനായ അബ്ബാസ് കരിസ്തോമിയുടെ തിരക്കഥയുടെ പങ്ക് സ്തുത്യര്‍ഹമാണ്. സിനിമയിലേറെയും നന്മയുള്ള കഥാപാത്രങ്ങളാണ്. അപ്രതീക്ഷിതമായത് സംഭവിക്കും എന്ന പ്രേക്ഷകന്‍റെ നെഗറ്റീവ് ചിന്താഗതിയെ അല്ലെങ്കില്‍ കുടില ബുദ്ധിയെ വേണ്ടവിധം ചൂഷണം ചെയ്തു പരാജയപ്പെടുത്തുക മാത്രമേ കഥാകാരന്‍ ചെയ്യുന്നുള്ളൂ.

തികച്ചും അപ്രധാനമായി അവസാന രംഗങ്ങളില്‍ കടന്നുവരുന്ന, കഥയുടെ പരിസമാപ്തിയില്‍  മുഖ്യപങ്കു വഹിക്കുന്ന ബലൂണ്‍ കച്ചവടക്കാരനായ അഫ്ഗാന്‍ ബാലന്‍ മറ്റുകഥാപാത്രങ്ങളാല്‍ വിസ്മരിക്കപ്പെടുന്നതോടെ കഥ തീരുകയാണ്. അവസാന ഫ്രെയ്മില്‍ ആ ബാലനെ മാത്രം സ്ക്രീനില്‍ അവശേഷിപ്പിച്ച് തിരസ്കൃതനെ പ്രേക്ഷകര്‍ മറക്കാത്തക്കവിധം പേരിനോട് ചേര്‍ത്തു ബന്ധിച്ച് അവസാനിപ്പിക്കുന്നിടത്താണ് സിനിമയുടെ മാജിക് ടച്ച്‌! 

6 comments:

  1. ഒരു ചെറിയ കഥാതന്തുവിനെ വഴിയോരകാഴ്ചകളിലൂടെ വികസിപ്പിച്ച് മനോഹരമായി ദൃശ്യവത്കരിക്കുന്നതില്‍ മഹാനായ അബ്ബാസ് കരിസ്തോമിയുടെ തിരക്കഥയുടെ പങ്ക് സ്തുത്യര്‍ഹമാണ്. സിനിമയിലേറെയും നന്മയുള്ള കഥാപാത്രങ്ങളാണ്. അപ്രതീക്ഷിതമായത് സംഭവിക്കും എന്ന പ്രേക്ഷകന്‍റെ നെഗറ്റീവ് ചിന്താഗതിയെ അല്ലെങ്കില്‍ കുടില ബുദ്ധിയെ വേണ്ടവിധം ചൂഷണം ചെയ്തു പരാജയപ്പെടുത്തുക മാത്രമേ കഥാകാരന്‍ ചെയ്യുന്നുള്ളൂ.

    ഇതുവരെ ഞാനീ പടം കണ്ടിട്ടില്ല...ഇനിയൊന്ന് കാണന്നം

    ReplyDelete
  2. അടുത്തിടെയാണ് ഈ സിനിമ കണ്ടത്...ഇഷ്ടപ്പെട്ടു...

    ReplyDelete
  3. നല്ല പരിചയപെടുത്തല്‍ .

    ReplyDelete
  4. നന്നായി പരിചയപ്പെടുത്തി..

    ReplyDelete
  5. നെഗറ്റീവ് ആയതിനെ പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ പരാജയപ്പെടുത്തി എന്നുള്ള നിരീക്ഷണം അഭിനന്ദനം അര്‍ഹിക്കുന്നു..

    പടം കിടിലം..
    പറ്റുമെങ്കില്‍ il mare ഒന്ന് കണ്ടു നോക്കൂ

    ReplyDelete
  6. nice blog . a unique one as far as i know

    ReplyDelete

Comments