August 23, 2013

ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (Turtles Can Fly-2004)

ചിത്രം: ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ - Turtles Can Fly-2004 (ഇറാന്‍, ഇറാക്ക്)
രചന, സംവിധാനം: ബഹ്മന്‍ ഗൊബാഡി
ഭാഷ: കുര്‍ദിഷ്
--------------------------


ഇറാക്ക്-തുര്‍ക്കി അതിര്‍ത്തി പ്രദേശത്തെ കുര്‍ദ് അഭയാര്‍ഥിക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി ഇറാനിയന്‍ സംവിധായകന്‍ ബഹ്മന്‍ ഗൊബാഡി രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച് അവതരിപ്പിച്ച ചിത്രം. ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സിനിമ.

ഇറാക്കിലേക്ക് അമേരിക്കന്‍ പട്ടാളം കടക്കുന്നതിനു രണ്ടാഴ്ച പിന്നിലെ സംഭവങ്ങളിലേക്കാണ് പ്രേക്ഷകരേ കൂട്ടിക്കൊണ്ടു പോകുന്നത്. യുദ്ധ ഭീതി നിറഞ്ഞു നിലക്കുന്ന അന്തരീക്ഷത്തില്‍ ആഭ്യന്തര വാര്‍ത്താ സംവിധാനങ്ങള്‍ വിശ്ചെദിക്കപ്പെടുന്നതോടെ ടി.വി യില്‍ നിന്നും വിവരങ്ങള്‍ അറിയാനാവാതെ ജനങ്ങള്‍ വലയുന്നു. ഡിഷ്‌ ആന്റിനകള്‍ സ്ഥാപിച്ച് വിദേശ വാര്‍ത്തകളില്‍ നിന്നും സ്ഥിതിഗതികള്‍ മനസിലാക്കുവാന്‍ അവരെ സഹായിക്കുന്നത് "സാറ്റലൈറ്റ്'എന്നു വിളിപ്പേരുള്ള പയ്യനാണ്.

സ്ഥിരോത്സാഹിയും തുച്ഛമായ ഇംഗ്ലീഷ് പരിജ്ഞാനവുമുള്ള അവന്‍ കുട്ടികള്‍ക്കിടയില്‍ അഭിമതനാണ്. ചെറിയ വരുമാനത്തിനു വേണ്ടിയാണെങ്കിലും കുട്ടികളാണ് ആ പ്രദേശത്തെ മൈനുകള്‍ നീക്കം ചെയ്യുവാന്‍ സഹായിക്കുന്നത്. കഠിനാധ്വാനികളായ അവരില്‍ പലരും മൈന്‍ പൊട്ടി  അംഗവൈകല്യം സംഭവിച്ചവരാണ്.

അങ്ങനെയിരിക്കെ  കുര്‍ദ് അഭയാര്‍ഥികളായ അഗ്രിന്‍ എന്ന പെണ്‍കുട്ടിയും ഇരുകൈകളും ഇല്ലാത്ത ഹാങ്കോവ് എന്ന സഹോദരനും അന്ധനായൊരു കൊച്ചുകുട്ടിയും അവര്‍ക്കിടയിലെത്തുന്നു. "സാറ്റലൈറ്റിന്" പെണ്‍കുട്ടിയോട് അടുപ്പം തോന്നുന്നു. അവള്‍ അന്തര്‍മുഖയും എപ്പോഴും ശോകഭാവമുള്ളവളുമാണ്. കൈകളില്ലാത്ത കുട്ടി പ്രവചനങ്ങള്‍ നടത്താന്‍ കഴിവുള്ളവനാണ്‌ എന്ന് അവന്‍ മനസിലാക്കുന്നു. ഭൂതകാലത്തിന്‍റെ ഭീകരമായ  ഓര്‍മ്മകള്‍ നിരന്തരം വേട്ടയാടിയിരുന്ന പെണ്‍കുട്ടിയിലൂടെ കഥ പുരോഗമിക്കുന്നു.

സദ്ദാമം ഹുസൈന്‍റെ പതനത്തിനുശേഷം ഇറാക്കില്‍ പുറത്തിറങ്ങിയ ആദ്യ സിനിമ കൂടിയാണിത്. സൈനിക ക്യാമ്പുകള്‍ക്ക് അടുത്തുള്ള ഇറാക്ക്-തുര്‍ക്കി പ്രവശ്യയില്‍ തന്നെ സെറ്റ് ഇട്ടാണ് ചിത്രം ഷൂട്ട്‌ ചെയ്തത്. അമേരിക്കയെ ആരാധനയോടെ കണ്ടിരുന്ന ഒരു കൌമാരക്കാരന്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ പുറംതിരിഞ്ഞു നില്‍ക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

തുര്‍ക്കി കാവല്‍മാടത്തിലെ സൈനികനുനേരെ പരിഹാസപൂര്‍വ്വം നിര്‍ജീവമായ ഇടം കാല് ചൂണ്ടി വെടിയുതിര്‍ക്കുന്ന ബാലന്‍റെ രംഗം ഉള്ളില്‍ തീ കോരിയിടുന്ന അനുഭവമാണ്. അതുപോലെ ഒരു പാട് വേദനകള്‍ പ്രേക്ഷകരുടെ നെഞ്ചിനു നേരേ ഉതിര്‍ത്താണ് സിനിമ തീരുന്നത്. കഥാവശേഷം കണ്ണ് നിറയാത്തവര്‍ ചുരുക്കമാവും.

3 comments:

  1. വളരെ ആഴത്തിലുല്ലൊരു നിരൂപണം ഈ ബ്ലോഗ്‌ ലിങ്കില്‍ ക്ലിക്കിയാല്‍ വായിക്കാം.സസ്പന്‍സ് നഷ്ടമാകുമെന്നതിനാല്‍ സിനിമ കണ്ട ശേഷം വായിക്കുവാന്‍ ശ്രദ്ധിക്കു.
    http://varkalamodel.blogspot.ae/2011/10/blog-post_13.html

    ReplyDelete
    Replies
    1. ഈ സിനിമയുടെ മലയാളം സബ്ടൈറ്റില്‍ ലഭ്യമാകാന്‍ എം-സോണ്‍ എന്നാ ബ്ലോഗ്‌ സന്ദര്‍ശിക്കുക.
      http://malayalamsubtitles.blogspot.in/2013/04/turtles-can-fly-malayalam-subtitles.html

      Delete
  2. ഇറാക്കിന്റെ ഈ സിനിമയെ ഇനി എന്തായാലു ഒന്ന് കാണണം...

    ReplyDelete

Comments