July 17, 2013

ദി സ്ടോണിഗ് ഓഫ് സൊരായ (The Stoning of Soraya M. - 2008)

ചിത്രം: ദി സ്ടോണിഗ് ഓഫ് സൊരായ -The Stoning of Soraya M.-2008 (അമേരിക്കന്‍)
തിരക്കഥ, സംവിധാനം: സൈറസ് നോറാഷ്തെ
ഭാഷ: പേര്‍ഷ്യന്‍
-----------------------------------------------------------

ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാ മിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് "ദി സ്ടോണിഗ് ഓഫ് സൊരായ." യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു.

തന്റെ ഭാര്യയായ സോറായ എന്ന ഗ്രാമീണ യുവതിയെ എങ്ങനെയും ഒഴിവാക്കി ഒരു പതിനാലുകാരിയെ വിവാഹം കഴിച്ച് നഗരത്തിലേക്ക് ചേക്കേറാനാണ്‌ അലി എന്ന മധ്യവയസ്കന്റെ ശ്രമം. പെണ്മക്കളെ മാത്രം തന്‍റെ ചുമലില്‍ കെട്ടിവെച്ച് സൂത്രത്തില്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള അലിയുടെ ഉദ്ദേശം യുവതിക്ക് സമ്മതമല്ലാത്തതിനാല്‍ കുടിലതന്ത്രങ്ങളിലൂടെ അവളെ ഒഴിവാക്കാന്‍ മതപരമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. 

ഈ കാലഘട്ടത്തിലും നിയമവും സദാചാരവും ഇറാനിലെ ഗോത്രാധികാരികളില്‍ മാത്രമൊതുങ്ങുന്ന വിചിത്രമായ കാഴ്ചയാണ് നമുക്ക് മുന്നില്‍ തെളിയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ഇസ്ലാമിക പുരോഹിതനെയും, ഗ്രാമ മുഖ്യനെയും അയാല്‍വാസിയേയും കരുവാക്കി പ്രാകൃതവും ക്രൂരവുമായ വധശിക്ഷ നടപ്പാക്കുന്ന സംഭവം അതിസാഹസികമായി പുറം ലോകത്തെ അറിയിക്കുന്നതാണ് കഥയും സിനിമയും. 

ചരിത്രവും യഥാര്‍ത്ഥ്യവും സിനിമയാക്കുമ്പോള്‍ അതിനോട് പൂര്‍ണ്ണമായും നീതിപുലര്‍ത്താന്‍ സംവിധായകര്‍ ശ്രമിക്കുമ്പോള്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുന്നു. ഒരു പക്ഷേ ദി സ്ടോണിഗ് ഓഫ് സൊരായ എന്ന പുസ്തകം പകരുന്ന അതേ തീവ്രാനുഭവം സിനിമ നല്‍കുമെന്ന് തോന്നുന്നില്ല. പേരുകൊണ്ടുതന്നെ കഥാഗതിമുന്‍കൂട്ടി മനസിലാക്കക്കാനാവുന്നത് ഒരു പോരായ്മമയാണ്. പുസ്തകത്തെ അതേപടി പകര്‍ത്തുമ്പോള്‍ വളരെ ഡ്രാമാറ്റിക്കായ അവതരണ രീതി അവലംബിച്ചത് കഥയുടെ മൂഡിനു നാടകീയതയാണ്  കൂടുതല്‍ അനുയോജ്യം  എന്നതുകൊണ്ടാവാം. 

 പശ്ചാത്തല സംഗീതവും ചില ഫ്രെയ്മുകളും പാഷന്‍ ഓഫ് ക്രൈസ്റ്റിനെയും ഗ്ലാഡിയേറ്ററിനെയും ഓര്‍മ്മിപ്പിച്ചു. പാഷന്‍ ഓഫ് ക്രൈസ്റ്റിന്‍റെ നിര്‍മ്മാതാവ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിച്ചത് എന്നതും യാഥാര്‍ത്ഥ്യമാണ്.

ഞെട്ടിപ്പിക്കുന്ന ഈ സംഭവ കഥയെ ആദ്യം പുസ്തകമായും പിന്നെ സിനിമയായും ലോകം ഏറ്റുവാങ്ങിയെങ്കിലും ഒരു പക്ഷേ മറ്റൊരു സംവിധായകനിലെ ട്രീറ്റ്മെന്ടിന്‍റെ വ്യത്യസ്തതകൊണ്ട് അല്പംകൂടി മികവുറ്റതാക്കാമായിരുന്നു സിനിമ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. 

No comments:

Post a Comment

Comments