July 15, 2013

സേവിയര്‍ (Savior -1998)

ചിത്രം: സേവിയര്‍ - Savior -1998 (അമേരിക്കന്‍)
സംവിധാനം: പ്രെഡ്രാക് ആന്റോണിജോവിച്ച്
ഭാഷ: ഇംഗ്ലിഷ്, സെബോ-ക്രൊയേഷ്യന്‍
----------------------------------------------------------------

ബോസ്നിയന്‍ യുദ്ധഭൂമി പശ്ചാത്തലമാക്കി ഹോളീവുഡിലെ പ്രശസ്തനായ സംവിധായകനും തിരക്കഥാകൃത്തുമായ ഒലിവര്‍ സ്ടോണ്‍ നിര്‍മ്മിച്ച സിനിമയാണ് സേവിയര്‍. ഡെന്നിസ് സ്ക്യുഡ് നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രെഡ്രാക് ആന്റോണിജോവിച്ച്.

ഫ്രാന്‍സിലെ അമേരിക്കന്‍ എംബസി സെക്യൂരിറ്റി ഉദ്യോഗസ്ഥനായ ജോഷ്വാ റോസിന്‍റെ ഭാര്യയും മകനും ഒരു റെസ്റൊറന്റിലെ ബോംബ്‌ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. മനോനില നഷ്ടപ്പെട്ട അയാള്‍ സംഭവത്തിന്‌ പിന്നില്‍ മുസ്ലീം തീവ്രവാദികളാണ് എന്ന സംശയത്തില്‍ തൊട്ടടുത്ത മോസ്കിലേക്ക് കടന്ന് അവിടെ നിസ്കരിച്ചുകൊണ്ടിരുന്നവരെ വെടിവെച്ചു കൊലപ്പെടുത്തുന്നു.

തല്‍ക്ഷണം അറസ്റ്റ് ഭയന്ന്‍ ഒരു സുഹൃത്തിനൊപ്പം ആള്‍മാറാട്ടം നടത്തി ഗൈ എന്ന അപരനാമത്തില്‍ ഫ്രഞ്ച് ഫോറിന്‍ ലീജനില്‍ ചേര്‍ന്ന് ബോസ്നിയയില്‍ എത്തുന്നു.
ക്രോയേഷ്യന്‍ ഡിഫ്ഫന്‍ന്‍സും ബോസ്നിയന്‍ സെര്ബ്സും ബോസ്നിയന്‍ മുസ്ലീംസും ചേരിതിരിഞ്ഞു യുദ്ധംചെയ്യുന്ന ബോസ്നിയ- ഹെര്‍സഗോവിനയില്‍  സെര്‍ബ്സിയന്‍ ആര്‍മിക്കുവേണ്ടി ജോഷ്വ ചെക്ക്പോസ്റ്റ്‌ കാക്കുന്നു.

യുദ്ധ ഭൂമില്‍ നടമാടുന്ന ഭീകരതയും, കൊള്ളയും കൊള്ളിവെയ്പ്പും, വംശ വെറിയും മാധ്യമങ്ങളെക്കാള്‍ ഏറെ വ്യക്തമായി എല്ലാക്കാലവും കൈകാര്യം ചെയ്തിരിക്കുന്നത് സിനിമകളാണ്. എത്ര തീവ്രമായ വിദ്വേഷം ഉള്ളിലുള്ള കഠിനഹൃദയര്‍ പോലും ചില അവസരത്തില്‍ തങ്ങളറിയാതെ രക്ഷകരാകേണ്ടിവരുന്നത് ജീവിതത്തിന്‍റെ യാദൃശ്ചികതയാണ്.

സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് ലോകത്തോടു തന്നെ വെറുപ്പുമായി യുദ്ധം ചെയ്യുന്ന ജോഷ്വയുടെ ഉള്ളിലും മനുഷ്യത്വത്തിന്റെ കണികകള്‍ അല്പാല്പം തെളിഞ്ഞു കാണാം.   അതിര്‍ത്തിയിലെ യുദ്ധ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനിടയില്‍ ബലാത്സംഗതിനിരയായി ഗര്‍ഭിണിയായ  വെറ എന്ന യുവതി കടന്നു വരുന്നതോടെ കഥ ദിശമാറുന്നു.

സാധാരണ യുദ്ധ സിനിമകളില്‍ നിന്നും വേറിട്ടൊരു അനുഭവമാണ് സേവിയര്‍ പകര്‍ന്നു തരുന്നത്. വിജയം കൊയ്യുന്ന വീരനായകനോ, പടവെട്ടി മരിക്കുന്ന പോരാളിക്കോ പകരാന്‍ കഴിയാത്ത ആകാംഷയുണ്ട്  കഥയില്‍. പ്രേക്ഷകരുടെ ഉള്ള് വല്ലാതെ പിടിച്ചുലക്കുന്ന എന്തോ ഒന്ന് ഈ സിനിമയിലുണ്ട്.
വാക്കുകള്‍ക്ക് അതീതമായവ  കാണുക...അനുഭവിച്ചറിയുക.

No comments:

Post a Comment

Comments