July 04, 2013

റാഷമോണ്‍ (Rashomon -1950)

റാഷമോണ്‍ - Rashomon -1950 (ജപ്പാന്‍)
തിരക്കഥ, സംവിധാനം: അകിറാ കുറസോവ
ഭാഷ: ജാപ്പനീസ്
----------------------------------------------------------

ജപ്പാനിലെ "റാഷമോണ്‍" എന്ന പഴയ പാതി പൊളിഞ്ഞ നഗര കവാടത്തില്‍ മഴ തോരുന്നതും കാത്ത് നില്‍ക്കുന്ന ബുദ്ധ സന്യാസി, മരംവെട്ടുകാരന്‍, വഴിപോക്കന്‍ എന്നിവരിലൂടെയാണ് കഥ തുടങ്ങുന്നത്.

കാട്ടില്‍ വെച്ച് ഒരു സമുറായിയെ തജമാറു എന്ന കൊള്ളക്കാരന്‍ കൊല്ലുകയും അയാളുടെ പത്നിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിന്‍റെ പല ഘട്ടങ്ങളിലായി അവര്‍ ദൃക്സാക്ഷികളാണ്. രാജകൊട്ടാരത്തില്‍ കൊലപാതകത്തിന്‍റെ വിചാരണാ കഴിഞ്ഞു വരികയാണ് അവര്‍.

എന്നാല്‍ പ്രസ്തുത സംഭവത്തെ കുറിച്ച് കൊള്ളക്കാരന്‍ പറഞ്ഞതും സ്ത്രീ പറഞ്ഞതുമായ മൊഴികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് മരണപ്പെട്ട സമുറായിയുടെ ആത്മാവിനെ ആവാഹിച്ച് സംഭവം വിവരിക്കാന്‍ ശ്രമം നടത്തുന്നു. മന്ത്രവാദിയുടെ ദിവ്യദൃഷ്ടിയും വൈരുധ്യം നിറഞ്ഞതാണ്‌. ബുദ്ധസന്യാസിക്ക് വളരെ ഹൃദയവേദന തോന്നുന്നു. അയാള്‍ക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അവിടുന്ന്കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ് സംവിധായകന്‍ കുറസോവ.

രണ്ടു ചെറുകഥകളെ ആധാരമാക്കി വികസിപ്പിച്ചെടുത്ത ഈ ചലച്ചിത്രം അതുവരെയുള്ള ലോക സിനിമയുടെ ചരിത്രത്തിലേക്ക് ഒരു "റാഷമോണ്‍ എഫ്ഫെക്റ്റ്‌ " കൊണ്ടുവരികയായിരുന്നു. മലയാള സാഹിത്യത്തില്‍ "ഖസാക്കിന്റെ ഇതിഹാസം" പോലെ, കഥ പറച്ചിലിന്റെ വേറിട്ടൊരു പരീക്ഷണം.

ഇന്നും ഒരുകുറ്റവാളി/വ്യക്തി സാഹചരങ്ങളെ തനിക്ക് അനുകൂലമാകുന്ന വിധത്തില്‍ എങ്ങനെ വളച്ചൊടിക്കുന്നു എന്ന് പലരിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു സംഭവത്തെ വിശ്വസനീയമാകും വിധം എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം എന്ന് കാട്ടിത്തരുക കൂടിയാണ്.

രണ്ടാം ലോക മഹായുധത്തിനു ശേഷമുള്ള കുറസോവ ചിത്രങ്ങളിലെ നിറസാന്നിധ്യമായ "ടോഷിറോ മിഫുന്‍" തന്നെയാണ് ഇതിലെയും താരം. "സെവന്‍ സമുറായിലെ" കികുചിയോ എന്ന കഥാപാത്രത്തോട് ഏറെക്കുറെ സാമ്യമുള്ളതാണ് റാഷമോണിലെ "തജമാറുവും."

മിക്കഭാഗങ്ങളും കാട്ടില്‍ തന്നെ ചിത്രീകരിച്ച വളരെ ലോ-ബജറ്റില്‍ തീര്‍ത്ത ഈ ചിത്രം ജപ്പാനില്‍ വലിയ പ്രതികരണമൊന്നും ആദ്യകാലഘട്ടങ്ങളില്‍ ഉണ്ടാക്കിയില്ല. എങ്കില്‍ എന്ന് ലോകത്തെ ഏറ്റം മികച്ചചിത്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്നു.
കുറ്റാന്വേഷണങ്ങളില്‍ സാക്ഷി മൊഴികള്‍ക്കിടയിലെ വൈരുദ്ധ്യത്തെ "റാഷമോണ്‍ എഫ്ഫെക്റ്റ്‌ "എന്ന് വിളിക്കാന്‍ തുടങ്ങിയതും അന്ന് മുതലാണ്‌.

No comments:

Post a Comment

Comments