July 20, 2013

ജോയിന്‍റ് സെക്യൂരിറ്റി ഏരിയ (Joint Security Area - 2000)

ചിത്രം: ജോയിന്‍റ് സെക്യൂരിറ്റി ഏരിയ - Joint Security Area - 2000 (കൊറിയ)
സംവിധാനം: പാര്‍ക്ക്‌ ചാന്‍-വൂക്
ഭാഷ: കൊറിയന്‍
-------------------------------------------

നോര്‍ത്ത് കൊറിയന്‍ ചെക്ക് പോസ്റ്റ് ഹൌസിലെ രണ്ടു സൈനികരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പുറത്തുകടക്കുന്ന മുറിവേറ്റ സൌത്ത് കൊറിയന്‍ പട്ടാളക്കാരനെ അതിര്‍ത്തിസേന രക്ഷപെടുത്തുന്നതോടെയാണ്‌ സിനിമ തുടങ്ങുന്നത്.

നോര്‍ത്ത് കൊറിയയും സൌത്ത് കൊറിയയും തമ്മില്‍ വളരെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന സമയത്ത് സംഭവിച്ച ഈ പ്രശ്നം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാവും വിധം സ്ഥിതി വഷളാക്കുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ട്ന്ന് മനസിലാക്കിയ ഇരു രാജ്യങ്ങളും  നിക്ഷ്പക്ഷ അന്വേഷണത്തിന് സ്വിസ്സ് ആര്‍മിയെ ചുമതലപ്പെടുത്തുന്നു.
കൊറിയന്‍ വംശജയായ ഒരു ലേഡി ഒഫീസറിനാണ് അന്വേഷണ ചുമതല.

വീര്‍പ്പടക്കി പിടിച്ചു കാണും വിധം ത്രില്ലിംഗ് ആയാണ് സിനിമ നീങ്ങുന്നത്. സത്യത്തില്‍ കഥയെന്നു പറയാന്‍ യാതൊന്നുമില്ലാത്ത, ഒരു ചെറിയ ത്രെഡിനെ എഡിറ്റിങ്ങിലെ വൈദഗ്ധ്യം കൊണ്ട് ഒടുവില്‍ വരെയും പിടിചിരുത്തും വിധം പ്രേക്ഷകരിലെത്തിക്കുകയാണ്.

ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളില്‍ ഒന്നുപോലും സിനിമയുടെ മൂഡില്‍ നിന്നും വ്യതിചലിച്ചു പോകാതെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്തവും എങ്കില്‍ അനുയോജ്യവുമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയും നല്‍കുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

പാര്‍ക്ക്‌ ചാന്‍ വൂകിനെ പോല പ്രഗത്ഭനായ സംവിധായകന്റെ സിനിമ ആഗോള പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുമ്പോള്‍ ചോദ്യചിഹ്നമാകാവുന്ന ചില സംഗതികളുണ്ട്‌.
സിനിമയില്‍ ഒരു നായിക കൂടിയേ തീരൂ എന്ന കച്ചവട തന്ത്രമോ?
യുദ്ധ പശ്ചാത്തലമുള്ള വരണ്ട അന്തരീക്ഷത്തില്‍നിന്നും അല്പം കുളിര്‍മ പകരാനാ ആവും സ്വതവേ ആവശ്യമില്ലാത്ത സ്ത്രീ സാന്നിധ്യം. എങ്കിലും ഏകാംഗ അന്വേഷണസംഘത്തിലെ വനിതാ ഉദ്യോഗസ്ഥ കൊറിയന്‍ വംശജ തന്നെയായിരിക്കണം എന്നുണ്ടോ?

ഏതെങ്കിലും ഒരുപക്ഷത്തെ മാത്രം പ്രതിയാക്കുന്നൊരു അന്വേഷണ റിപ്പോര്‍ട്ടിനോട് ഇരുപക്ഷത്തിനും തതപര്യമില്ല എന്നും, അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും അതുകൊണ്ടാണ് മുന്‍ പരിച്ചയമില്ലാത്തൊരു ട്രെയ്നി ഓഫീസറെ നിയമിച്ചത് എന്നൊക്കെയുള്ള വിശദീകരണങ്ങള്‍ നല്‍കാനാവും. എങ്കിലും സിനിമ കൊറിയയ്ക്ക് പുറത്ത് വിലയിരുത്തപ്പെടുമ്പോള്‍ കുറച്ചുകൂടി ആധികാരികത വളരെ പ്രാധാന്യമുള്ള ആ കഥാപാത്രം പുരുഷനോ വിദേശി വനിതയോ ആവുന്നതായിരുന്നു.

രാജ്യങ്ങങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളെയും തര്‍ക്കങ്ങളെയുംകാള്‍ മഹത്വരമായ ഒന്നാണ് മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്ന് കാട്ടിത്തന്നു സിനിമ തീരുമ്പോള്‍ മുകളിലുന്നയിച്ച വാദഗതികള്‍ ഒരുപക്ഷെ അപ്രസക്തങ്ങളാവാം. 

1 comment:

Comments