July 20, 2013

ബിറ്റര്‍ മൂണ്‍ (Bitter Moon -1992)

ചിത്രം: ബിറ്റര്‍ മൂണ്‍ - Bitter Moon (അമേരിക്കന്‍)
സംവിധാനം: റോമന്‍ പൊളന്‍സ്കി
ഭാഷ: ഇംഗ്ളീഷ്, ഫ്രഞ്ച്
--------------------------------------------

റോസ്മേരീസ് ബേബി, ചൈനാടൌന്‍, ദി പിയാനിസ്റ്റ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ വിശ്വപ്രസിധനായ പോളിഷ്-ഫ്രഞ്ച് സംവിധായകന്‍ റോമന്‍ പൊളന്‍സ്കിയുടെ അത്ര പ്രശസ്തമല്ലാത്ത സിനിമയാണ് ബിറ്റര്‍ മൂണ്‍.

പൊളന്‍സ്കിയെപ്പോലെയുള്ള അതുല്യ പ്രതിഭകളെ അളക്കുക അവരുടെ ഏറ്റം മികച്ച ഒരു സൃഷ്ടിയെ ബെഞ്ച്‌ മാര്‍ക്കായി വെച്ചുകൊണ്ടായിരിക്കുക്കും. അതുകൊണ്ട് സമാന സ്വഭാവം പുലര്‍ത്താത്ത സിനിമകളെ നിരൂപകര്‍ നിലവാരമില്ലാത്തത് എന്ന് വിമര്‍ശിച്ചു തള്ളുന്നു.

ബിറ്റര്‍ മൂണ്‍ റൊമാന്റിക് ത്രില്ലര്‍ സ്വഭാവം പുലര്‍ത്തുന്ന സിനിമയാണ്.  ഇതേ പേരിലുള്ള ഒരു ഫ്രഞ്ച് നോവലില്‍ നിന്നും കടമെടുത്തതാണ് കഥ. വളരെ നീട്ടിയാണ് കഥ പറയുന്നതെങ്കിലും ഒരു നിമിഷംപോലും ആകാംഷ നഷ്ടപ്പെടുത്താതെ പ്രേക്ഷകനെ കൂടെ കൊണ്ടുപോകുന്ന രീതിയാണ് ഏറെ ഇഷ്ടമായത്.

ഇസ്താംബൂളില്‍ നിന്നും ഇന്ത്യയിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ കപ്പലില്‍ യാത്ര ചെയ്യുന്ന ഇംഗ്ളീഷ് ദമ്പതികളിലൂടെയാണ് കഥ തുടങ്ങുന്നത്. ബാറില്‍ തനിയെ നൃത്തം ചെയ്യുന്ന സുന്ദരിയായ ഫ്രഞ്ച് യുവതിയില്‍ നീഗല്‍ എന്ന നവവരന് കൌതുകം തോന്നുന്നു. കൃതികളൊന്നും പബ്ലിഷ് ചെയ്തിട്ടിലാത്ത പാതിതളര്‍ന്നു വീല്‍ചെയറിലായ ഓസ്കാര്‍ എന്ന എഴുത്തുകാരനാണ്‌ ആ യുവതിയുടെ ഭര്‍ത്താവ്. അയാള്‍ മറ്റുള്ളവരുടെ ഉള്ള് വേഗം വായിക്കാന്‍ കഴിയുന്നവനാണ്. നീഗലിനെ തന്‍റെ കഥ കേള്‍ക്കാന്‍ അയാള്‍ ക്യാബിനിലേക്ക് ക്ഷണിക്കുന്നു.

അയാളുടെ തന്നെ ജീവിത കഥയാണ് പറയുന്നത്. തന്‍റെ ഈ അവസ്ഥക്ക് കാരണം ഭാര്യ തന്നെയാണ്‌ എന്നു പറഞ്ഞു തുടങ്ങി അയാള്‍ നീഗലില്‍ കഥ കേള്‍ക്കുവാനുള്ള ആകാംഷ ജനിപ്പിക്കുന്നു. വിവരണം പലപ്പോഴും പരിധിവിട്ട് സഭ്യമല്ലാത്ത ഭാഷയിലേക്ക് കടക്കുമ്പോള്‍ ചെറുപ്പക്കാരന് അസ്വസ്ഥത തോന്നുന്നു. പലതവണ നിയന്ത്രണം വിട്ടയാള്‍ എണീറ്റുപോകുന്നു. പക്ഷേ യുവതിയെക്കുറിച്ചു കൂടുതല്‍ അറിയാനുള്ള ആഗ്രഹം കൊണ്ടോ, കഥയുടെ മാന്ത്രികത കൊണ്ടോ അയാള്‍ വീണ്ടും വരുന്നു.

ഒരു സ്ത്രീയുടെ പ്രതികാരം പരിധി വിട്ടാല്‍ നമ്മുടെ സിനിമകളില്‍ അത് മാക്സിമം 22 ഫീമെയില്‍ കോട്ടയം വരെ ചെന്ന് നില്‍ക്കും. എന്നാല്‍ ബിറ്റര്‍ മൂണ്‍ പോലെ ജീവിതത്തിന്‍റെ വിവിധാവസ്ഥകള്‍ നന്നായി സംയോജിപ്പിച്ച ഒരു കലാസൃഷ്ടി നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞു എന്നുവരില്ല. നമ്മുടെ സമൂഹത്തിന്‍റെ സദാചാര സീമകള്‍ക്കും അപ്പുറമാണത്. അതിനു കൃത്യമായ ഉത്തരം സിനിമയില്‍ ഓസ്കാര്‍ എന്ന എഴുത്തുകാരന്‍ തന്നെ പറയുന്നുണ്ട്.

നീഗലിനെ അവതരിപ്പിക്കുന്നത് നോട്ടിംഗ് ഹില്‍, ലവ് ആക്ചുവലി തുടങ്ങിയ റൊമാന്റിക് സിനിമകളിലൂടെ പ്രിയങ്കരനായ ഹഗ് ഗ്രാന്‍റ്. ഓസ്കാര്‍ എന്ന എഴുത്തുകാരനായി പീറ്റര്‍ കൊയോട്ട്. ഹണിമൂണ്‍ എന്ന്‍ അര്‍ഥം വരുന്ന ഫ്രഞ്ച് വാക്കാണ്‌ ബിറ്റര്‍ മൂണ്‍.

കേട്ടുമടുത്തൊരു കദന കഥയാണെന്ന് കരുതി ഒട്ടും താത്പര്യമില്ലാതെ എഴുത്തുകാരന്റെ കഥ കേള്‍ക്കാനിരിക്കുന്ന യുവാവ് പ്രേക്ഷകര്‍ തന്നെയാണ്. പക്ഷേ നമ്മളെ പിടിച്ചിരുത്താന്‍ സിനിമക്ക് കഴിയുന്നു. മിഡ്നൈറ്റ് ഇന്‍ പാരിസിലെ ഗില്‍ പെണ്ടര്‍ എന്ന എഴുത്തുകാരന്‍റെ  കഥാപാത്ര സൃഷ്ടിയില്‍ വുഡി അലനെ ബിറ്റര്‍ മൂണ്‍ എന്ന ഈ സിനിമ സ്വാധീനിച്ചിരിക്കാം എന്ന് ഞാന്‍ കരുതുന്നു. പാരീസിന്റെ മാസ്മരികതയില്‍ ഓസ്കാര്‍ എഴുത്തുപെക്ഷിച്ചു വഴിവിട്ട ജീവിതം നയിച്ചെങ്കില്‍ ഗില്‍ പെണ്ടര്‍ അവിടെ പ്രണയിച്ചത് എഴുത്തിനെയാണ് എന്നാ വ്യത്യാസം.  

No comments:

Post a Comment

Comments