July 21, 2013

12 ആന്ഗ്രി മെന്‍ (12 Angry Men-1957)

ചിത്രം:12 ആന്ഗ്രി മെന്‍ -12 Angry Men-1957 (അമേരിക്കന്‍)
സംവിധാനം: സിഡ്നി ലുമെറ്റ്
ഭാഷ: ഇംഗ്ലീഷ്
---------------------------------------

1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ "12 ആന്ഗ്രി മെന്‍" എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു.
ചിത്രത്തിന്‍റെ ആകെ സമയ ദൈര്ഖ്യമായ 96 മിനിറ്റില്‍ 3 മിനിറ്റൊഴികെ ബാക്കി മുഴുവന്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത് ഒരു മുറിക്കുള്ളിലാണ്.

പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന്‍ വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ സുപ്രധാന വിധി പ്രസ്ഥാപനകളില്‍ പിഴവുകള്‍ ഒഴിവാക്കാന്‍ ഇപ്രകാരം ചെയ്യുന്നത്.

ചര്‍ച്ചകളുടെ രഹസ്യഭാവം സൂക്ഷിക്കുവാന്‍ 12 അംഗ ജ്യൂറിയെ ഒരു മുറിക്കുള്ളിലാക്കുന്നു. സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്ക് എതിരായത് കൊണ്ട് വധശിക്ഷ ഉറപ്പാണ്. ചര്‍ച്ചയും വോട്ടിങ്ങും പതിവ് നടപടിക്രമം മാത്രമായതിനാല്‍ പെട്ടന്ന് ജോലി തീര്‍ത്ത് പോകാനുള്ള തിടുക്കത്തിലാണ് എല്ലാവരും. എന്നാല്‍ ജൂറിയിലെ ഒരംഗം കുട്ടി കുറ്റക്കാരനല്ല എന്ന നിലപാട് എടുക്കുന്നതോടെ പ്രശനം സങ്കീര്‍ണ്ണമാകുന്നു.

മുറിക്കുള്ളിലെ വാഗ്വാദങ്ങളും ചേഷ്ടകളും വളരെ സ്വാഭാവികമായ രീതിയിലാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. അഭിനേതാക്കള്‍ എല്ലാവരും ഉജ്വല പ്രകടനമാണ് കാഴ്ചവെക്കുന്നത്. നായക പ്രാധാന്യമുള്ള വേഷത്തില്‍ ഹെന്‍ട്രി ഫോണ്ട. എല്ലാവരുടെയും സംഭാഷണങ്ങളിലൂടെയാണ് കഥ ചുരുളഴിയുന്നത് എന്നത് കൊണ്ട് ക്രെഡിറ്റില്‍ ഏറെയും സ്ക്രിപ്റ്റിങ്ങിന് അവകാശപ്പെടാം.

മുന്‍പ് ടി.വി സീരിയലായി വന്ന റെജിനാള്‍ഡ് റോസിന്‍റെ കഥ അദ്ദേഹത്തിന്‍റെ തന്നെ തിരക്കഥയില്‍  സിഡ്നി ലുമെറ്റിന്റെ സംവിധാന മികവിലാണ് പ്രേക്ഷകര്‍ക്ക് മുന്പിലെത്തിയത്.

ഭൂരിപക്ഷത്തിന്റെ കൂടെ നില്‍ക്കുക എന്ന സമൂഹത്തിന്റെ മനശാസ്ത്രവും, തെരുവിലെ ജീവിതങ്ങളെക്കുറിച്ച് ഉപരിവര്‍ഗത്തിന് ആവലാതികള്‍ ഇല്ലെന്നും സിനിമയിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. വൃഥാ കളയുന്ന സമയത്തെ ഓര്‍ത്ത് ആകുലപ്പെടുന്നവര്‍ ലാഘവത്തോടെയുള്ളൊരു വിധിപ്രസ്താവന വഴി നഷ്ടപ്പെടുന്ന മനുഷ്യജീവനെ ഓര്‍ക്കുന്നില്ല.

സിനിമയിലെ ജൂറി അംഗങ്ങള്‍ എല്ലാം വ്യത്യസ്തമായ ജീവിതാന്തസ് ഉള്ളവരും മുന്‍പരിചയമില്ലാത്തവരുമാണ്. കോടതിയുടെ മെയില്‍ വഴിയുള്ള അറിയിപ്പ് മൂലമാണ് പ്രത്യേക ക്ഷണിതാക്കളായി എത്തുന്നത്. ഇവരുടെ തിരഞ്ഞെടുപ്പിലെ സാംഗത്യം മാത്രം പിടികിട്ടിയില്ല.
(അറിയാവുന്നവര്‍ ദയവായി പങ്കുവെക്കുമല്ലോ )

ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ പോലീസ് കണ്ടെത്തുന്നതും കോടതി മുറിയില്‍ വാചാലനായ വക്കീല്‍ നിര്‍ത്തുന്നതമായ സൂഷ്മ വിശകലനങ്ങളിലൂടെ തന്നെയാണ് ഈ സിനിമയും സഞ്ചരിക്കുത്. എങ്കിലും 1957 ല്‍ ഒരു വെല്ലുവിളിപോലെ സിനിമാ ലോകത്തിനു മുന്നില്‍ വെച്ച ബുദ്ധിപരവും വ്യത്യസ്തവുമായ അവതരണ ശൈലിക്ക് പിന്മുറക്കാരില്ലാതെത്തതുകൊണ്ട് "12 ആന്ഗ്രി മെന്‍" എന്ന സിനിമ ഇന്നും തലയുയര്‍ത്തിപ്പിടിച്ച് അവിടെ നില്‍ക്കുന്നു.  

1 comment:

  1. അമേരിക്കയില്‍ ഈ അടുത്തകാലത്ത് നടന്ന ഒരു കറുത്ത വര്‍ഗക്കാരന്‍റെ കൊലപാതകവും വിചാരണയും ഓര്‍മ്മവരുന്നു

    ReplyDelete

Comments