July 04, 2013

ഫയര്‍വര്‍ക്സ് വെനസ്ഡേ (Fireworks Wednesday-2006)

ചിത്രം: ഫയര്‍വര്‍ക്സ് വെനസ്ഡേ - Fireworks Wednesday -2006 (ഇറാന്‍)
തിരക്കഥ, സംവിധാനം: അസ്ഗര്‍ ഫര്‍ഹാദി
ഭാഷ: പേര്‍ഷ്യന്‍
--------------------------------------------------------------------


പേര്ഷ്യന്‍ പുതുവത്സരത്തിന് മുന്പായുള്ള ബുധനാഴ. ആ ഒരു ദിവസം നടക്കുന്ന കഥയാണ്‌ ഫയര്‍വര്‍ക്സ് വെനസ്ഡേ.

വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് റൂഹി എന്ന യുവതിയും പ്രതിശുത വരനും. അതിനാവശ്യമായ പണം സമ്പാദിക്കുവാനായി ഏജെന്സിയുമായി ബന്ധപ്പെട്ട് ഹൌസ് ക്ലീനിംഗ് ജോലികള്‍ ചെയ്യുവാനായി യുവതി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ എത്തുന്നു. ആ വീടിന്റെ ചുറ്റുപാട് പോലെതന്നെ കുടുംബാന്തരീക്ഷവും ആകെ താറുമാറാണ്. അവിടെ ഭര്‍ത്താവിനെ സംശയിക്കുന്ന, വിചിത്ര സ്വഭാവമുള്ള മോഷ്തെ എന്ന സ്ത്രീ. അവരുമായി ബന്ധപ്പെട്ട കുറെയാളുകള്‍. റൂഹിയുടെ കാഴ്ച്ചകളിലൂടെയാണ് സിനിമ നമ്മളിലെത്തുന്നത്.

അസ്ഗാര്‍ ഫര്‍ഹാദിയുടെ മറ്റു ചിത്രങ്ങളെ പോലെതന്നെ യാഥാര്‍ത്ഥ്യത്തോട് അടുത്തു നിക്കുന്ന കഥ. കലഹിക്കുന്ന ഭാര്യയും ഭര്‍ത്താവും, ബന്ധം വഴിപിരിഞ്ഞ മറ്റൊരു സ്ത്രീയും പുരുഷനും, വിവാഹിതരാകാന്‍ പോകുന്ന യുവാവും യുവതിയും. പലരും കടന്നു പോകാന്‍ സാധ്യതയുള്ളതോ/അല്ലാത്തതോ ആയ ജീവിതാവസ്ഥ. ജീവനുള്ള കഥാപാത്രങ്ങള്‍.

കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന റൂഹിയെ കേന്ദ്രകഥാപാത്രമാക്കുന്നത് വഴി ബന്ധങ്ങളിലെ പരസ്പര വിശ്വാസത്തിന്റെ, ആത്മാര്‍ത്ഥ സ്നേഹത്തിന്റെ ഒക്കെ ഉള്ളും പൊള്ളയും വിവേചിച്ചറിയാനുള്ള അവസരമൊരുക്കുകയാണ്.

ഓരോ സീനിലും സംഭവിക്കുമെന്നു പ്രേക്ഷകര്‍ കരുതുന്ന നിഗമനങ്ങളില്‍നിന്നും വഴുതിമാറുന്ന തിരക്കഥ. അസംഭവ്യമാ ഞെട്ടിപ്പിക്കുന്നതോ ആയ ട്വിസ്റ്റുകളിലൂടെയല്ല യാഥാര്‍ഥ്യത്തിലെ രഹസ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

സകല മസാല കൂട്ടുകളും നിറച്ച “Unfaithful”എന്ന പണംവാരി ഹോളിവുഡ് ചിത്രം പങ്കുവെച്ച പ്രമേയം അസ്ഗാര്‍ ഫര്‍ഹാടി എന്ന സംവിധായകനിലൂടെ പൂര്‍തീകരിച്ചാല്‍ അത് ഒരുപക്ഷേ “ഫയര്‍വര്‍ക്സ് വെനസ്ഡേ”ആയിരിക്കും. കറ കഴുകി കളഞ്ഞ ജീവിതമല്ലാതെ അതില്‍ മറ്റൊന്നും ഉണ്ടാവില്ല. അത്ര സഭ്യവും മനോഹരവുമാണ് അദ്ദേഹത്തിന്റെ കരവിരുത്.

No comments:

Post a Comment

Comments