July 09, 2013

ദി സര്‍ക്കിള്‍ (The Circle -2000)

ചിത്രം: ദി സര്‍ക്കിള്‍ - The Circle -2000 (ഇറാന്‍)
സംവിധാനം: ജാഫര്‍ പനാഹി 
ഭാഷ: പേര്‍ഷ്യന്‍
----------------------------------------------------------------
ജാഫര്‍ പനാഹിക്ക് ആകെ പൂര്‍ത്തിയാക്കാനായ അഞ്ചു ഫീച്ചര്‍ ഫിലിമുകളില്‍ മൂന്നാമത്തേതാണ് "ദി സര്‍ക്കിള്‍." ഇത് ഒരു സിനിമ മാത്രമാണ് എന്ന് പറയുന്നത് നീതികേടാവും. അദ്ദേഹത്തിന്റെ അഭിപ്രായം ശ്രദ്ധിച്ചാല്‍ തന്നെ ഏറെ വിശദീകരണങ്ങളുടെ ആവശ്യമില്ല.

"എന്‍റെ ആദ്യ രണ്ടു ചിത്രങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അവിടെയൊന്നും സെന്‍സര്‍ഷിപ്പ് സംബന്ധിച്ചോ നിയമപരമായോ യാതൊരു ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്ന സിനിമയെ പറ്റി ചിന്തിച്ചപ്പോള്‍ തന്നെ സ്ഥിതി മാറി. തന്‍റെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് അതോടെ ചിന്തിച്ചു തുടങ്ങി."

ഇറാനിലെ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെകുറിച്ചാണ് "ദി സര്‍ക്കിള്‍" പ്രതിപാദിക്കുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്നതിനുപോലും  മതപരമായ നിയന്ത്രണങ്ങള്‍, പ്രാകൃതമായ നിയമങ്ങള്‍. പ്രതികരിക്കുന്നവരും ലംഘിക്കുന്നവരും ജയിലില്‍ അടക്കപ്പെടുന്നു. ചില ചെറുപ്പക്കാരുടെ ജീവിതം കഴുമരത്തില്‍ അവസാനിക്കുന്നു.

തന്‍റെ മകള്‍ക്ക് ജനിക്കുന്നത് പെണ്‍കുട്ടിയാണ് എന്നറിഞ്ഞ് അവളുടെ ഭാവിയോര്‍ത്ത് പ്രസവവാര്‍ഡിനു മുന്നില്‍ വിലപിക്കുന്ന അമ്മയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അവിടുന്ന് കഥയെ മൂന്ന് സ്ത്രീകളിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നു. റിലേയില്‍ ബാറ്റന്‍ കൈമാറും വിധം ഒരു കഥാപാത്രത്തെ അടുത്തയാളുമായി അസ്വാഭാവികതയില്ലാതെ ബന്ധിപ്പിച്ചിരിക്കുന്ന തിരക്കഥ.

വെറുക്കപ്പെടുന്ന ജീവിതത്തില്‍നിന്ന് രക്ഷപെടാനാവാതെ ഗര്‍ഭചിദ്രം നടത്താന്‍ ആഗ്രഹിക്കുന്നവര്‍..... കൊല്ലാന്‍ മനസനുവദിക്കാതെ പെണ്മക്കളേ വഴിയില്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍...... ദുര്‍നടപ്പിനു പിടിക്കപ്പെടുന്നവര്‍.....
സ്ത്രീകളെ സ്വൈര്യമായി വഴിനടക്കാന്‍ അനുവദിക്കാത്ത കാറിന്റെ ഹോണടികളും പ്രലോഭനവര്‍ത്തമാനക്കാരും നിരത്തുകളില്‍ വിഹാരം നടത്തുന്നതും വിരോധാഭാസമായി സിനിമയിലുണ്ട്‌. എരിയുന്ന ജീവിത പ്രശ്നങ്ങളില്‍ പുകവലിയെ ഏക ആശ്വാസമായി എടുത്തു കാട്ടുന്നുമുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ടു സമൂഹത്തിലുള്ള ഒരു പാട് വിഷയങ്ങളെ ചെറിയ സന്ദര്‍ഭങ്ങളിലൂടെയെങ്കിലും പ്രേക്ഷകര്‍ക്ക് പകരാന്‍ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിട്ടുണ്ട്.

ഒരു രാത്രിയില്‍ പിടിക്കപ്പെടുന്ന കുറ്റവാളികളെ കൊണ്ടുപോകുന്ന ബസ്സിലെ ഒരു രംഗമുണ്ട്. ആ ചെറിയ സീന്‍ ഈ സിനിമയുടെ അന്തസത്ത ഏറെക്കുറെ ഉള്‍ക്കൊള്ളുന്നു.
ഒരാള്‍ അടുത്തിരിക്കുന്ന കുറ്റവാളിയോട് സ്വദേശം എതാണ് എന്ന് തിരക്കുന്നു. മറുപടി കേട്ട് ചോദിക്കുന്നു.
അത് തന്നെയല്ലേ പ്രശസ്തനായ ഫുട്ബോള്‍ താരത്തിന്‍റെ നാട്, അത് തന്നെയല്ലേ തന്‍റെ പ്രിയങ്കരനായ ഗായകന്റെ നാട്. അവരൊക്കെ ഇപ്പോഴും ജീവനോടെയുണ്ടോ ആവോ? സുഹൃത്തേ  ദയവായി അദ്ദേഹത്തെപ്പോലെ ഒന്ന് പാടൂ... .!!
അയാള്‍ പാടുന്നു.!!

ഷൂട്ടിങ്ങിന് അനുമതികിട്ടാന്‍ ഒരു വര്‍ഷക്കാലം കാത്തിരിക്കേണ്ടി വന്ന, ഇറാനില്‍ നിരോധിച്ച.  ഈ സിനിമ വെനീസ് ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ലയന്‍ പുരസ്‌കാരം നേടി.

No comments:

Post a Comment

Comments