July 08, 2013

ദി ആര്‍ട്ടിസ്റ്റ് - (The Artist - 2011)

ചിത്രം: ദി ആര്‍ട്ടിസ്റ്റ് - The Artist - 2011(ഫ്രാന്‍സ്)
തിരക്കഥ, സംവിധാനം: മൈക്കില്‍ ഹസ്നാവിഷ്യസ് 
ഭാഷ: നിശബ്ദ ചിത്രം
-------------------------------------------------------------------


2011-ല്‍ ലോകസിനിമയിലെ പ്രധാന പുരസ്കാരങ്ങളെല്ലാം കരസ്ഥമാക്കിയ ഫ്രഞ്ച് ചിത്രം. സിനിമയുടെ മൂഡിനും ആശയത്തിനും അഭികാമ്യമാകും വിധം സംഭാഷണങ്ങള്‍ ഒഴിവാക്കി ബ്ലാക്ക് ആന്‍ഡ്‌ വൈറ്റിലാണ് ചിത്രീകരിച്ചിക്കുന്നത്.

1927-1932 കാലഘട്ടത്തിലെ ഹോളിവുഡ് സിനിമയും ഫിലിം ഇന്ഡസ്ട്രിയുമാണ്‌ കഥയുടെ പശ്ചാത്തലം. നിശബ്ദ ചിത്രങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ ആയി തിളങ്ങി നില്‍ക്കുന്ന ജോര്‍ജ് വലെന്‍ടിന്‍  എന്ന നായകനെ അനശ്വരമാക്കിയിരിക്കുന്നത് ജീന്‍ ഡുജാര്‍ഡിന്‍.

കാലക്രമേണ നിശബ്ദ സിനിമകള്‍ ശബ്ദചിത്രങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളാനാവാതെ പുറം തരിഞ്ഞു നിന്ന ജോര്‍ജ് വലെന്‍ടിന്‍ തന്റെ കരിയറും ജീവിതവും തന്നെ നഷ്ടമാകുന്നു. ഉള്ളില്‍ ഒരുപാട് നന്മകളുള്ള, ഒരു സൂപ്പര്‍ താരത്തിന്റെ ദാര്ഷ്ട്യമോ അഹങ്കാരമോ ഇല്ലാതിരുന്ന ജോര്‍ജിന് വിനയായത് സ്വാഭിമാനം മുറുകെപിടിക്കാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു.

ഒരുകാലത്ത് താന്‍ കൈപിടിച്ചുയര്‍ത്തിയ പെപ്പി മില്ലര്‍ എന്ന സുന്ദരിയായ ജൂണിയര്‍ ആര്‍ട്ടിസ്റ്റ് അയാളുടെ ഉള്ളിലെവിടെയോ പ്രേമത്തിന്റെ വിത്ത് പാകിയിരുന്നു. അവള്‍ ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആയിമാറുന്ന കാഴ്ച തന്‍റെ വീഴ്ചയിലും സന്തോഷത്തോടെ കണ്ടുനിന്നു.

ജീവിതത്തില്‍ സംഭവിക്കുന്ന വലിയ വീഴ്ച, യാദൃശ്ചികമായി വന്നുഭവിക്കുന്ന തെറ്റിദ്ധാരണകള്‍, അതിന്‍ നിന്നും ഉടലെടുക്കുന്ന അപകര്‍ഷതാബോധം എല്ലാം വളരെ തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്നു.

അവസാന രംഗങ്ങള്‍ അവിശ്വസനീയമാം വിധം സിനിമയുടെയും ഒപ്പം പ്രേക്ഷകന്‍റെയും അതുവരെയുള്ള മൂഡ്‌ തന്നെ മാറ്റിക്കളയും. ഇമചിമ്മാതെ കണ്ടുനില്‍ക്കും വിധം അത്ര ചടുലവും പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നതുമാണ് അത്.

ആദ്യമായാണ് "ദി ആര്‍ട്ടിസ്റ്റ്ലൂടെ" മികച്ച മികച്ച ചിത്രം മികച്ച നടന്‍ എന്നീ ഓസ്കാര്‍ അവാര്‍ഡ്കള്‍ ഫ്രാന്‍സില്‍ എത്തുന്നത്. മികച്ച സംവിധായകന്‍ അടക്കം ഒരു നിശബ്ദ ചിത്രം നേടുന്ന എക്കാലത്തെയും വലിയ നേട്ടം കൂടിയാണ് തിരക്കഥാകൃത്തുകൂടിയായ മൈക്കില്‍ ഹസ്നാവിഷ്യസ് സ്വന്തമാക്കിയത്.

ഒരു കാലഘട്ടത്തിലെ സിനിമയുടെ കഥയാണ് "ദി ആര്‍ട്ടിസ്റ്റ്." ഒരു പരാജിതന്റെ തിരിച്ചു വരവിന്റെ കഥയാണ്‌, ആത്മാര്‍ത്ഥ സ്നേഹത്തിന്റെ കഥയാണ്. സംഭാഷണം ഇല്ലാതെ തന്നെ ഇത്ര മധുരമാണ്  ഈ സിനിമാ പകരുന്നത് എങ്കില്‍ അതില്‍ ഡയലോഗുകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇരട്ടി മധുരം ആസ്വദിക്കാമായിരുന്നു എന്നാര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ ഒക്കില്ല.  

No comments:

Post a Comment

Comments