July 07, 2013

ചില്‍ഡ്രണ്‍ ഓഫ് ഹെവന്‍ (Children of Heaven - 1998)

ചിത്രം: ചില്‍ഡ്രണ്‍ ഓഫ് ഹെവന്‍ - Children of Heaven - 1998 (ഇറാന്‍)
തിരക്കഥ, സംവിധാനം: മജിദ്‌ മജദി
ഭാഷ: പേര്‍ഷ്യന്‍.
-----------------------------------------------------------------------------------------------

തനിക്ക് പങ്കുവെക്കാനുള്ള ചിന്ത ഏറ്റം ലളിതവും സുന്ദരവുമായി   ഫ്രെയ്മിലെലേക്ക് പകര്‍ത്തി, അത് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് മജീദ്‌ മജദി ചിത്രങ്ങളുടെ പ്രത്യേകത.

സംഭവ ബഹുലമായ കഥയല്ല ചില്‍ഡ്രണ്‍ ഓഫ് ഹെവന്‍, മറിച്ച് പാവപ്പെട്ടവന്റെ ജീവിതത്തിലൂടെയുള്ള ഒരു ചെറിയ നടത്തമാണ്. ജീവിക്കാനുള്ള അവന്റെ പരക്കം പാച്ചിലാണ്.

നന്മ നിറഞ്ഞ ഒരു പറ്റം കുട്ടികളുടെ, അലിയുടെയും സാറയുടെയും അതിജീവനത്തിന്റെ ഓട്ടമാണ് വെറും ഒരു ജോടി ഷൂസുകളുടെ കഥയിലൂടെ മജീദ്‌ മജിദി നമ്മോട് പങ്കുവെയ്ക്കുന്നത്.
ഓരോ നിമിഷവും വീര്‍പ്പടക്കി പിടിച്ചു കാണും വിധം ചെറിയൊരു കഥാതന്തുവിനെ മികച്ച തിരക്കഥയാക്കി അനുവാചകരുടെ ഹൃദയം കീഴടക്കുന്ന മാസ്മരികത.

കുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന ചിത്രങ്ങളില്‍ ഒന്ന്  ചില്‍ഡ്രണ്‍ ഓഫ് ഹെവന്‍ തന്നെയാകാം. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടിയതോടെയാണ് ഈ ചിതം ലോക ശ്രദ്ധ ആകര്‍ഷിച്ചത്. ആദ്യമായി ഒരു ഇറാന്‍ ചിത്രം ഓസ്കാര്‍ അവാര്‍ഡിന് മത്സരിച്ചെങ്കിലും ഇറ്റാലിയന്‍ ചിതമായ "ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍' ആ വര്‍ഷം ബഹുമതി കരസ്ഥമാക്കി.

ചിത്രത്തിന്‍റെ ലാളിത്യം മാത്രമല്ല അതിന്‍റെ സൌന്ദര്യം, പടം പങ്കുവെക്കുന്ന ഒരു പാട് പോസിറ്റീവ് ചിന്തകളുമുണ്ട്‌. നായക കഥാപാത്രമായ അലിയെ അവതരിപ്പിച്ച അമിര്‍ ഫാറൂക്ക് എന്ന കുട്ടിയെ ആര്‍ക്ക് മറക്കാനാവും? സ്വാഭാവികതക്കു വേണ്ടി ചില രംഗങ്ങള്‍ ക്യാമറ ഒളിപ്പിച് വെച്ച് ചിത്രീകരിച്ചതാണ് എന്ന് പറയപ്പെടുന്നു. ഏത്  പ്രായക്കാരനെയും വിവിധ ആസ്വാദന നിലവാരമുള്ള പ്രേക്ഷകനെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ചിത്രം. കണ്ടെണീക്കുമ്പോള്‍ കണ്ണും മനസ്സും നിറയും എന്നത് തീര്‍ച്ച.

No comments:

Post a Comment

Comments