ചിത്രം: ബൈസിക്കിള്‍ തീഫ് - Bicycle Thieves - 1948 (ഇറ്റലി)
സംവിധാനം: വിറ്റോറിയോ ഡി സിക്ക
ഭാഷ: ഇറ്റാലിയന്‍
---------------------------------------------------------------------------------
സംവിധാനം: വിറ്റോറിയോ ഡി സിക്ക
ഭാഷ: ഇറ്റാലിയന്‍
---------------------------------------------------------------------------------
ലൂയി ബര്‍ട്ടോളിനിയുടെ "ബൈസിക്കിള്‍ തീഫ്സ്" എന്ന നോവലിനെ ആധാരമാക്കി ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ വിറ്റോറിയ ഡി സിക്ക 1948 ല്‍ ഒരുക്കിയ ഈ ചിത്രം ലോക സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങളില്‍ ഇടംപിടിക്കുന്ന ഒന്നാണ്.
രണ്ടാം ലോക മാഹായുദ്ധത്തിനു ശേഷം രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവുംകൊണ്ടു വലയുന്ന ഇറ്റലിയിലെ സാധാരണക്കാരായ സമൂഹം. ആളുകള്‍ എന്തെങ്കിലും ജോലി ലഭിക്കാനായി എംപ്ലോയ്മെന്റ് ഓഫീസ് പടിക്കല്‍ കാത്തു നില്‍ക്കുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്.
ദരിദ്രനായ നായകനെ അവതരിപ്പിക്കുന്നത് ലാമ്പേര്‍ട്ടോ മാഗ്ഗിയോറനി. കാത്തിരുന്നു കിട്ടിയ ജോലിക്ക് ഒരു സൈക്കിള്‍ നിര്‍ബന്ധമായതിനാല്‍ വീട്ടില്‍ ആകെയുള്ള കിടക്കവിരിയും ബ്ലാങ്കെറ്റും വിറ്റ് ഒരു സെക്കണ്ട് ഹാന്‍ഡ് സൈക്കിള്‍ സംഘടിപ്പിക്കുന്നു. അത് കളവുപോകുന്നതോടെ ജീവിതം വഴിമുട്ടുന്നു. സൈക്കിള്‍ കള്ളനെ തേടിയുള്ള അപ്പന്റെയും മകന്റെയും അന്വേഷണമാണ് സിനിമ. ബ്രൂണോ എന്ന മകനെ അവതരിപ്പിക്കുന്ന ബാലതാരത്തിന്റെ പ്രകടനവും വളരെ പ്രശംസ അര്‍ഹിക്കുന്നു.
അഭിനയമെന്നോ ജീവിതത്തിന്റെ പകര്പ്പെന്നോ വേര്‍തിരിച്ചറിയാനാവാത്തവിധം കഥയില്‍ കൃത്രിമത്വം ഒട്ടുമില്ല. കഥാപാത്രത്തിന്റെ ജീവിതാവസ്ഥകളില്‍ പ്രേക്ഷകരോട് പങ്കുവെക്കപ്പെടുന്ന വേദനയുണ്ട്. അറിയാതെ വന്നുഭവിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളുണ്ട്. ആ കാലഘട്ടത്തിലെ സമൂഹത്തിന്‍റെ നേര്‍ കാഴ്ചയുണ്ട്. ആത്മീയത വിറ്റു കാശാക്കുന ആള്‍ദൈവങ്ങള്‍ അന്നും അവിടെയുണ്ട് എന്ന വസ്തുത അത്ഭുതത്തോടെ കാണാനാവുന്നു. ദുര്‍വിധിയെ പഴിച്ച്, പരാജിതരായി തലകുനിച്ച് നടന്നുപോകുന്ന അച്ഛനും മകനും ഉള്ളിലൊരു വിങ്ങലായി എന്നും നമുക്കൊപ്പമുണ്ടാവും
സാധാരണക്കാരന്റെ പച്ചയായ ജീവിതന്നെ അതേപടി പകര്‍ത്തിയ ഈ ചിത്രം ഇറ്റലിയിലെ ആദ്യകാല റിയലസ്ടിക് സിനിമകളില്‍ ഒന്നാണ്. "ബൈസിക്കിള്‍ തീഫ്സ്" ജനങ്ങള്‍ സ്വീകരിച്ചതോടെയാണ് അതേ ശ്രേണിയിലുള്ള നവയുഗ സിനിമകള്‍ ആവിര്‍ഭവിച്ചത്. കറകളഞ്ഞ തിരക്കഥയും കലര്‍പ്പില്ലാത്ത അഭിനയവും ആകാംക്ഷാഭരിതമായ രംഗങ്ങളും കൊണ്ട് സമ്പുഷ്ടമായ സിനിമ അതിനാല്‍ തന്നെ നിരൂപക പ്രശംസ പിടിച്ചു പറ്റി. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമിക് പുരസ്കാരം ഉള്‍പടെ ഒട്ടനവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
No comments:
Post a Comment