July 04, 2013

ബ്രോക്കണ്‍ എംബ്രെസസ് (Broken Embraces-2009)

ബ്രോക്കണ്‍ എംബ്രെസസ് - Broken Embraces - 2009 (സ്പെയ്ന്‍)
തിരക്കഥ, സംവിധാനം: പെഡ്രോ അല്മഡോവര്‍
ഭാഷ: സ്പാനിഷ്‌
-------------------------------------------------------------

ഹാരി കെയ്ന്‍ എന്ന അപരനാമത്തില്‍ തിരക്കഥകള്‍ എഴുതുന്ന അന്ധനായ മദ്ധ്യവയസ്കനാണ് മറ്റിയോ ബ്ലാങ്കോ. ജൂഡിറ്റ് എന്ന സ്ത്രീയാണ് അയാളുടെ ബിസിനസ്/പെര്‍സണല്‍ മാനേര്‍. അവരുടെ മകനായ ഡിഗോ എന്ന കൌമാരക്കാരന്‍ പകര്‍പ്പെഴുത്തുകാരന്‍.

റോഡ്‌ മുറിച്ചു കടക്കാന്‍ തന്നെ സഹായിക്കുന്ന പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ട് വന്ന് അവളുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന അന്ധനായ നായകനെ ആദ്യ സീനില്‍ തന്നെ ചിത്രീകരിക്കുക വഴി ഹാരി കെയ്ന്‍നെ പറ്റി വ്യക്തമായ ധാരണ അതിവേഗം പ്രേക്ഷകര്‍ക്ക് പകരുകയാണ് സംവിധായകന്‍. അയാള്‍ ജീവിതം ആസ്വദിക്കുന്നവനാണ് അല്ലെങ്കില്‍ ആയിരുന്നു. സ്ത്രീകള്‍ വളരെവേഗം വശംവദരാകുന്ന അത്ര റൊമാന്റിക് ആണ്!

പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാരികേയ്ന് തിരക്കേറിയ ഒരു സംവിധായകനായിരുന്നു. അധികമാര്‍ക്കും അറിയാത്ത പൂര്‍വ്വകാലത്തില്‍ നിന്നും മറഞ്ഞിരിക്കുകയാണ് അയാള്‍. അവസാനമായി സംവിധാനം ചെയ്ത തന്‍റെ ചിത്രത്തിലെ നായിക ലെനയുമായുള്ള പ്രണയത്തിന്റെ ദുരന്തമാണ് അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

അയാളെ ചുറ്റിപറ്റിയുള്ള കഥാപാത്രങ്ങളെല്ലാം വളരെ ദുരൂഹത പേറുന്നവരാണ്. അതേസമയം അവരെയെല്ലാം തമ്മില്‍ കൂട്ടിയിണക്കുന്ന ആശ്ചര്യകരമായ കണ്ണികളുണ്ട് കഥയില്‍.

സിനിമ പ്രമേയമാക്കുബോഴും അതുമായി ബന്ധപ്പെടുന്നവരുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്. തീര്‍ത്തും സ്വാഭാവികമായൊരു കഥയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്ത തിരക്കഥയിലൂടെ നമുക്ക് മുന്നിലെത്തിക്കുമ്പോള്‍ "ബ്രോക്കണ്‍ എംബ്രെസസ്" അതിമനോഹരമായൊരു മെലോ ഡ്രാമ ആയിത്തീരുന്നു.

കണ്ടുതീരുമ്പോള്‍ തന്നെ വീണ്ടും ഒരുവട്ടം പിന്നോക്കം പോയി കഥാവഴി ചികഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന അത്ര കൌശലപൂര്‍വമായ എഡിറ്റിംഗ്!

തിരക്കഥയും സംവിധാനവും നിര്‍മാണവും പെഡ്രോ അല്മഡോവര്‍ തന്നെയാണ് നിര്‍വഹിച്ചിരികുന്നത്.

No comments:

Post a Comment

Comments