March 24, 2016

LOCKE - English



LOCKE
 
ഇവാന്‍ ലോക്ക്‌ എന്ന കണ്‍സ്ട്രക്ഷന്‍ മാനേജര്‍ തന്റെ ജീവിതത്തിന്റെതന്നെ ഗതി തീരുമാനിക്കുന്ന ചില നിര്‍ണ്ണായക നിമിഷങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരികുകയാണ്. അയാളുടെ മേല്‍നോട്ടത്തില്‍ കമ്പനിയുടെ അതി ബ്രഹുത്തായ ഒരു നിര്‍മ്മാണ പ്രോജക്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വളരെ പ്രധാനമായ കോണ്ക്രീറ്റിഗ് വര്‍ക്ക് നടക്കുന്ന രാത്രിയില്‍  വര്‍ക്ക് സൈറ്റ് ഉപേക്ഷിച്ച്, മറ്റെന്തിനേക്കാളും തനിക്ക് പ്രധാനമെന്ന് തോന്നിയ ഒരു ലക്ഷ്യ സ്ഥാനത്തേക്ക് അയാള്‍ യാത്ര ചെയ്യുകയാണ്. ബര്‍മിംഗ്ഹാമിലെ ജോലി സ്ഥലത്തു നിന്നും ലണ്ടനിലെ ആശുപത്രിയിലേക്ക് ഇവാന്‍ ലോക്ക് ഡ്രൈവ് ചെയ്യുന്ന രണ്ടു മണിക്കൂര്‍ നേരത്തെ സംഭവവികാസങ്ങളാണ് സിനിമ. ആദ്യാവസാനം സ്ക്രീനില്‍ ടോം ഹാര്‍ഡി അവതരിപ്പിക്കുന്ന ഒറ്റയാള്‍ കഥാപാത്രം മാത്രം. കാറിലിരുന്ന്‍ അയാള്‍ കൈകാര്യംചെയ്യുന്ന  36 ഫോണ്‍ സംഭാഷണങ്ങലിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

കണ്‍സ്ട്രക്ഷന്‍ മാനേജരുടെ ഉത്തരവാദിത്വത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന മേലധികാരി, വീട്ടില്‍ അയാളെ പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ, അന്നേദിവസം അയാള്‍ക്കൊപ്പം ഫുട്ബോള്‍ മാച്ച് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്ന മൂത്ത മകന്‍. ഇവരെയൊക്കെ അവഗണിച്ച് അകലെയുള്ള ആശുപത്രിയില്‍ അയാളുടെ സാമീപ്യം കാംക്ഷിച്ചിരിക്കുന്ന മറ്റൊരു സ്ത്രീയുടെ അടുത്തേക്കാണ് ഇവാന്‍ കാറോടിച്ചു പോകുന്നത്. ആ സ്ത്രീ അയാളുടെ കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുതന്നെയാണ് പ്രശ്നങ്ങളെ ഏറ്റവും സങ്കീര്‍ണ്ണമാക്കുന്നത്.    

വസ്തുതകള്‍ ഭാര്യയോട് വെളിപ്പെടുത്തിയതുകൊണ്ടും മേലധികാരിയുടെ വാക്കിനെ ധിക്കരിച്ചതുകൊണ്ടും യാത്രചെയ്യുന്ന രണ്ടു മണിക്കൂറിനുള്ളില്‍ അയാള്‍ക്ക് ജോലിയും കുടുംബവും നഷ്ടമാകുന്നു. ഇവാന്‍ ലോക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന്‍ ഒളിച്ചോടുന്ന ആളല്ല. അയാള്‍ ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്എപ്പോള്‍ വേണമെങ്കിലും തൊട്ടടുത്ത യു-ടെണിലൂടെ ശാന്തമായ തന്റെ പഴയ ജീവിതത്തിലേക്കൊരു തിരിച്ചുപോക്ക് സാധ്യമാണ്. സ്റ്റിയറിങ്ങും മനസ്സും തന്റെ നിയന്ത്രണത്തിലാണെന്ന് ബോധ്യമുള്ള അയാളെ നയിക്കുന്നത് ശരിയെന്ന് വിശ്വസിക്കുന്ന ചില മൂല്യങ്ങളാണ്. ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് കൃത്യസമയത്ത് എടുക്കുന്ന തീരുമാനങ്ങളാണ്. പലപ്പോഴും അയാളുടെ സംഭാഷണങ്ങളില്‍  we can fix it. എന്ന സാങ്കേതികച്ചുവയുള്ള പ്രയോഗം കടന്നു വരാറുണ്ട്. എന്തിനും പരിഹാരമുണ്ട്. വര്‍ക്ക് സൈറ്റിലെ കെട്ടഴിഞ്ഞു പോകുന്ന ഇരുമ്പു കമ്പികള്‍ക്കും ഇഴയകലുന്ന കുടുംബ ബന്ധങ്ങള്‍ക്കും. സൈറ്റിലെ കോണ്‍ക്രീറ്റിഗ് ജോലികള്‍ ശുഭകരമായി പര്യവസാനിക്കും എന്ന്‍ അയാള്‍ ഉറപ്പു വരത്തുന്നുണ്ട്. അനിശ്ചിതത്വത്തിലും ഒരു നേര്‍ത്ത പ്രതീക്ഷ ബാക്കിയാക്കി പിറന്നുവീണ കുട്ടിയുടെ കരച്ചിലോടെയാണ് സിനിമ അവസാനിക്കുന്നത്. 

ത്രില്ലര്‍ സിനിമകളുടെ പടയൊരുക്കങ്ങള്‍ ഒന്നുമില്ലാതെ, ഒരു വാഹനത്തെ കേന്ദ്രീകരിച്ച് റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു നിമിഷം പോലെ മടുപ്പുളവാക്കില്ല. പരിമിതമായ പശ്ചാത്തല സാധ്യതകളെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തി മികച്ച ദൃശ്യാനുഭവം പകര്‍ന്നു നല്‍കാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ സ്റ്റീവന്‍ നൈറ്റിന് സാധിച്ചിട്ടുണ്ട്. ഇവാന്‍ ലോക്കിന്റെ മനോസംഘര്‍ഷങ്ങളെ ഏറ്റവും തനിമയോടെ പകര്‍ത്തിയ നായകന്‍ ടോം ഹാര്‍ഡി തന്നെ സിനിമയുടെ കേന്ദ്രബിന്ദു. 2013 ലെ ഈ യു.കെ റിലീസ് ചിത്രം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റുകയുണ്ടായി.

1 comment:

  1. ത്രില്ലര്‍ സിനിമകളുടെ പടയൊരുക്കങ്ങള്‍

    ഒന്നുമില്ലാതെ, ഒരു വാഹനത്തെ കേന്ദ്രീകരിച്ച്
    റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു
    നിമിഷം പോലെ മടുപ്പുളവാക്കില്ല. പരിമിതമായ പശ്ചാത്തല
    സാധ്യതകളെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തി മികച്ച ദൃശ്യാനുഭവം
    പകര്‍ന്നു നല്‍കാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ സ്റ്റീവന്‍ നൈറ്റിന് സാധിച്ചിട്ടുണ്ട്.

    ReplyDelete

Comments