March 16, 2016

ലോറന്‍സ് ഓഫ് അറേബ്യ


ലോറന്‍സ് ഓഫ് അറേബ്യ

ലോറന്‍സ് എഡ്വേഡ്‌ തോമസ്‌ തന്റെ നാല്പ്പത്തിയാറാം വയസ്സില്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന്‍ അന്തരിക്കുമ്പോള്‍ ബ്രിട്ടണിലെ പൊതു സമൂഹത്തിന് അയാള്‍ ഏതു നിലയിലാണ് ഏറെ പ്രശസ്തന്‍ എന്നതിനെപ്പറ്റി വ്യക്തമായ  ധാരണയുണ്ടായിരുന്നില്ല. സംസ്കാരചടങ്ങില്‍ സംബന്ധിച്ചവര്‍ ലോറന്‍സ് കവിയും പണ്ഡിതനനും രാഷ്ട്രതന്ത്രജ്ഞനും യുദ്ധവീരനും ഒക്കെയാണെന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നു. അയാളുടെ സംഭവബഹുലമായ കഴിഞ്ഞകാല ജീവിതത്തിലേക്കുള്ള പ്രയാണം അവിടെ നിന്നാണ് സിനിമയില്‍ ആരംഭിക്കുന്നത്.
1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ലോറന്‍സ് ഓഫ് അറേബ്യ അതിന്റെ സാങ്കേതിക തികവുകൊണ്ടും ചരിത്രവുമായി ഇഴചേര്‍ത്ത് മെനഞ്ഞെടുത്തത്തിലെ വൈദഗ്ദ്യംകൊണ്ടും ലോക സിനിമയിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിനു ലഭിച്ച പത്ത് ഓസ്കാര്‍ നോമിനേഷനുകളില്‍, മികച്ച ചിത്രം, സംവിധാനം, ച്ഛായാഗ്രഹണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നിങ്ങനെ ഏഴ് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയുണ്ടായി.

ഒന്നാം ലോക മഹായുദ്ധകാലം. മധ്യപൂര്‍വേഷ്യയുടെ ഭൂരിഭാഗവും തുര്‍ക്കിയിലെ ഒട്ടോമന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കവേ തുര്‍ക്കിക്ക് എതിരായ നീക്കങ്ങളെ മനസ്സിലാക്കുവാനായാണ് ലോറന്‍സിനെ അറേബ്യയിലേക്ക് അയക്കുന്നത്. നയതന്ത്രപരമായ ഒരു നീക്കം എന്നതിനപ്പുറം ലോറന്‍സിന്റെ ഇടപെടലുകളെ ബ്രിട്ടിഷ് സേന കാര്യമായി ഗൌനിക്കുന്നില്ല. എന്നാല്‍ തന്റെ വ്യക്തിപ്രഭാവം കൊണ്ട്  അറേബ്യയിലെ ഫൈസല്‍ രാജകുമാരന്റെ വിശ്വാസം പിടിച്ചുപറ്റുന്ന ലോറന്‍സ് ബ്രിട്ടീഷ് സൈന്യത്തിന്റെ താത്പര്യങ്ങള്‍ വകവെക്കാതെ യുദ്ധമുന്നണിയിലേക്ക് നേരിട്ട് ഇറങ്ങുവാന്‍ തീരുമാനിക്കുന്നു. കാലഹരണപ്പെട്ട ആയുധങ്ങളുമായി, അപരിഷ്കൃതരായ ഗോത്രവര്‍ഗ്ഗക്കാരേ അണിനിരത്തി തികച്ചും സാഹസികമായ സൈനിക നീക്കത്തിലൂടെ തന്ത്രപ്രധാന തുറമുഖ നഗരമായ അക്വബ പിടിച്ചെടുക്കുന്നു. ക്രമേണ ബ്രിട്ടീഷ് സേന പണവും ആയുധങ്ങളും നല്‍കി ലോറന്‍സിന്റെ ഒറ്റയാള്‍ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.

ലോറന്‍സ് മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഒരു അസാധാരണ മനുഷ്യനാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ എന്തിലേയ്ക്കും എടുത്തുചാടുന്ന ചെറുപ്പക്കാരന്‍. എല്ലാ ബലഹീനതകളുമുള്ള പച്ചമനുഷ്യനാണ്‌ താനെന്ന് ലോറന്‍സിനറിയാം. പ്രതിസന്ധികളെ നേരിടാന്‍ അയാള്‍ സ്വയം പരുവപ്പെടുകയാണ്. ഒരു പോരാളിയുടെ പരിവേഷത്തിനേക്കാള്‍ മനുഷ്യത്വത്തിന്റെ മുഖമാണ് അയാള്‍ക്ക് കൂടുതല്‍ അനുയോജ്യം. എങ്കിലും യുദ്ധം, ഒരു കുത്തൊഴുക്കിലേക്കെന്നപോലെ സകല മാനുഷിക മൂല്യങ്ങളെയും കടപുഴക്കി അതിനോടു  ചേര്‍ക്കുന്നു. അറുംകൊലകളില്‍ ലോറന്‍സും പങ്കാളിയാകുന്നു.

 മധ്യപൂര്‍വേഷ്യയിലെ പാശ്ചാത്യശക്തികളുടെ താത്പര്യം എന്താണെന്ന് ലോറന്‍സിന് അറിവില്ല. ഡമാസ്കസ് കീഴ്പ്പെടുത്തിയ ശേഷം തന്നെ വിശ്വസിച്ച അറബ് സമൂഹത്തിന്റെ വ്യക്താവായി നിലകൊണ്ടുകൊണ്ട് ഒരു ലിഖിത നിയയമസംഹിതയ്ക്കുള്ളില്‍ അവരെ ഒന്നിച്ചു നിര്‍ത്തുവാന്‍ അയാള്‍ പരിശ്രമിക്കുന്നു. പക്ഷേ, ലോറന്‍സ് വിഭാവനം ചെയ്ത അറബ് കൌണ്‍സില്‍ എന്ന ആശയം അന്യോന്യം പോരടിക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഫലവത്തായില്ല.  

മിലിട്ടറിയില്‍ നിന്നും വിരമിച്ച ശേഷം, തന്റെ ജീവിതാനുഭവങ്ങളെ ആലേഖനംചെയ്തുകൊണ്ട്‌ ലോറന്‍സ് എഡ്വേഡ്‌ തോമസ്‌ രചിച്ച സെവന്‍ പില്ലേര്‍സ് ഓഫ് വിസ്ഡം എന്ന പുസ്തകവും ലോറന്‍സ് എന്ന പോരാളിയുടെ അറേബ്യന്‍ ജൈത്രയാത്രയെ ആഗോള സമൂഹത്തിനു മുന്‍പില്‍ വെളിപ്പെടുത്തിയ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടുകളും സിനിമയുടെ ചരിത്രാന്വേഷണത്തിന് മുതല്‍ക്കൂട്ടായി.     

228 മിനിറ്റ് ദൈര്‍ഘ്യമേറിയ ഈ ചലച്ചിത്രം രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. മരുഭൂമിയുടെ വന്യതയും വശ്യതയും ഭീകരതയും മനോഹരമായി ദൃശ്യവത്ക്കരിച്ചും പ്രകൃതിയുടെ ദുരൂഹ ഭാവങ്ങളെ ശബ്ദങ്ങളിലേക്ക് സന്നിവേശിപ്പിച്ചും എണ്ണമറ്റ ഫ്രയ്മുകളെ ചടുലമായി എഡിറ്റ്‌ ചെയ്തും സിനിമയെ അവിസ്മരണീയ അനുഭവമായിത്തീര്‍ക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നു.  ലോറന്‍സിനെ സ്ക്രീനില്‍ അവതരിപ്പിച്ച പീറ്റര്‍ ഒറ്റ്യൂളും ഷെരിഫ് നാസ്സിന്‍ എന്ന അറബ് പോരാളിയെ അനശ്വരനാക്കിയ ഒമര്‍ ഷരീഫും പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയതും ഈ സിനിമയിലൂടെയാണ്.   

1 comment:

  1. നമ്മളൊക്കെ ജനിക്കുന്നതിന് മുമ്പുണ്ടായ വിശ്വവിഖ്യാത്തമായ സിനിമാ ചരി(ചി)ത്രം

    ReplyDelete

Comments