July 13, 2014

പഥേര്‍ പാഞ്ചാലി (Song of the Little Road -1955)

ചിത്രം: പഥേര്‍ പാഞ്ചാലി - Song of the Little Road -1955(ഇന്ത്യന്‍)
ഭാഷ: ബംഗാളി 
തിരക്കഥ, സംവിധാനം: സത്യജിത്ത് റായ്
--------------------------------



ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് മുഖവര വേണ്ടാത്ത നാമങ്ങളാണ് സത്യജിത് റായും പഥേര്‍ പാഞ്ചാലിയും. ഇക്കാലയളവിനുള്ളിലും ലോക ക്ലാസിക്കുകളോട് തുലനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തിയ ഏക ചിത്രം ഇതുമാത്രമാണ് എന്നതില്‍ മഹാത്മ്യം വെളിവാകുന്നു.

സംവിധായകനെന്ന നിലയില്‍ റേയുടെ കന്നി സംരംഭമാണ് പഥേര്‍ പാഞ്ചാലി.  സിനിമയിലെ അപ്പു എന്ന ബാല കഥാപാത്രത്തെ കേന്ദ്രീകരിച്ച് ചിത്രീകരിച്ച അപ്പുത്രയങ്ങള്‍ എന്നറിയപ്പെടുന്ന സീരീസിലെ ആദ്യത്തെ സിനിമയാണിത്. ബംഗാളി എഴുത്തുകാരന്‍ ബീഹൂതി ഭൂഷന്‍ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കി റേ തന്നെ തിരക്കഥയോരുക്കിയിരിക്കുന്നു.

1925 കളിലെ വനമേഖലയോടു ചേര്‍ന്നുള്ള ഒരു ബംഗാള്‍ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥയൊരുക്കിയിരിക്കുന്നത്. എഴുത്തുകാരനും നാടകകൃത്തുമായ ഒരു ദരിദ്ര ബ്രാഹ്മണന്റെ കുടുംബ ജീവിതം. വൃദ്ധമാതാവും പത്നിയും രണ്ടു കുട്ടികളുമടങ്ങുന്ന ആ വീടിന്റെ നിത്യവൃത്തിക്കായുള്ള അധ്വാനം മുഖ്യ പ്രമേയമാകുമ്പോഴും ഒരേസമയം കുട്ടികളുടെ കൌതുക ലോകത്തേയും അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തേയും മനോഹരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു.

ലോ ബജറ്റില്‍ ബംഗാള്‍ ഗവര്‍മെന്റ് തന്നെ നിര്‍മ്മിച്ച ചിത്രം സാമ്പത്തിക പരാധീനതകള്‍ കൊണ്ട് പലതവണ മുടങ്ങിപ്പോയെങ്കിലും മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ടു. താരതമ്യേന പുതുമുഖങ്ങളായ ടെക്നിഷ്യന്‍മാരെയും അമച്വര്‍ നടന്മാരെയും അണിനിരത്തിയാണ് സിനിമ ചിത്രീകരിച്ചതെങ്കിലും റേ എന്ന പ്രതിഭയുടെ കരസ്പര്‍ശത്താല്‍  അതൊന്നും ചിത്രത്തിന്‍റെ പൂര്‍ണ്ണതയെ ബാധിച്ചില്ല. വെളിച്ചവും ചലനവും ക്രമീകരിക്കാനുള്ള സാങ്കേതികതങ്ങള്‍ ആ കാലഘട്ടത്തില്‍ ലഭ്യമല്ലായിരുന്നിട്ടും ഇന്നും ഒട്ടും മടുപ്പുളവാകാതെ  കണ്ടിരിക്കാന്‍ പറ്റുന്ന സീനുകള്‍. ഒരു നോവലിനെ സിനിമയാക്കുമ്പോള്‍ സംഭവിക്കുക സീനുകളുടെ ബാഹുല്യവും ചോര്‍ന്നു പോകുന്ന അന്തസത്തയുമാണ്. എന്നാല്‍ പഥേര്‍ പാഞ്ചാലിയില്‍ അനാവശ്യമെന്നു തോന്നുന്ന ഒരു ഷോട്ടുപോലും നമുക്ക് കണ്ടെടുക്കാനില്ല. പ്രകൃതിയും മനുഷ്യനുമായുള്ള ലയം. ഗ്രാമീണത. കഥപറച്ചിലിലെ രസം ചോര്‍ന്നുപോകാതെ ഒരു ചിത്രകാരന്റെ കലാചാരുതയോടെ പ്രകൃതിയെ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ചില ഷോട്ടുകള്‍. മഴ, ആമ്പല്‍ക്കുളം, ജലജീവികള്‍. ട്രെയിന്‍....അതൊക്കെ കൊണ്ടാവും സിനിമാ വിദ്യാര്‍ത്ഥികള്‍ ഇന്നും ഈ ചിത്രത്തെ പഠന വിധേയമാക്കുന്നത്.

ടെക്നിക്കല്‍ പെര്‍ഫക്ഷന്‍ ഒന്നും ശ്രദ്ധിക്കാത്ത സാധാരണ പ്രേക്ഷകര്‍ക്ക് സിനിമയിലെ തനിമയുള്ള ജീവിതം ഒരു അനുഭവമാകും. ജീവസുറ്റ കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക്  'റിയലിസം' കൊണ്ടുവന്നത് ഒരുപക്ഷേ റേ ആകാം. 'ബൈസിക്കിള്‍ തീഫ്സ്' പോലുള്ള ഇറ്റാലിയന്‍ സിനിമയോട് കിടപിടിക്കുന്ന ഒന്ന്. തീര്‍ച്ചയായും സിനിമയെ സ്നേഹിക്കുന്ന ഇന്ത്യക്കാര്‍ കണ്ടിരിക്കേണ്ട ചിത്രം. കാണുക.

5 comments:

  1. ഒരു നോവലിനെ സിനിമയാക്കുമ്പോള്‍ സംഭവിക്കുക
    സീനുകളുടെ ബാഹുല്യവും ചോര്‍ന്നു പോകുന്ന അന്തസത്തയുമാണ്.
    എന്നാല്‍ പഥേര്‍ പാഞ്ചാലിയില്‍ അനാവശ്യമെന്നു തോന്നുന്ന ഒരു ഷോട്ടുപോലും
    നമുക്ക് കണ്ടെടുക്കാനില്ല. പ്രകൃതിയും മനുഷ്യനുമായുള്ള ലയം. ഗ്രാമീണത. കഥപറച്ചിലിലെ
    രസം ചോര്‍ന്നുപോകാതെ ഒരു ചിത്രകാരന്റെ കലാചാരുതയോടെ പ്രകൃതിയെ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ചില ഷോട്ടുകള്‍. മഴ, ആമ്പല്‍ക്കുളം, ജലജീവികള്‍. ട്രെയിന്‍....
    അതൊക്കെ കൊണ്ടാവും സിനിമാ വിദ്യാര്‍ത്ഥികള്‍ ഇന്നും ഈ ചിത്രത്തെ പഠന വിധേയമാക്കുന്നത്.

    ReplyDelete
    Replies
    1. ഹായ് മുരളി .... ഈ ബ്ലോഗിലെ പോസ്റ്റുകളിൽ താങ്കളുടെ സജീവ ഇടപെടല കാണുമ്പോൾ തന്നെ താങ്കളിലെ സിനിമാ ആസ്വാദകനെ മനസ്സിലാക്കാൻ സാധിക്കുന്നു. ലോക സിനിമകളെ ക്കുറിച്ച് ഒരു ബ്ലോഗ്‌ ഞാൻ എഴുതുന്നുണ്ട്.. താങ്കളുടെ അഭിപ്രായങ്ങളും പിന്തുണയും ആഗ്രഹിക്കുന്നു. address .. www.entecinemavayanakal.blogspot.com

      Delete
  2. കണ്ടിട്ടില്ല..
    തീർച്ചയായും കാണും..

    ReplyDelete
  3. Joselet Mamprayil ....ലോക ക്ലാസ്സിക്കുകൾ കാണാൻ ആഗ്രഹിക്കുന്നവര്ക്ക് തീർച്ചയായും മികച്ച ഒരു വായനയാണ് നിങ്ങളുടെ ബ്ലോഗ്‌. നിങ്ങൾ ഈ ബ്ലോഗിന്റെ വിഷനിൽ പറഞ്ഞ പോലെ ഓരോ സിനിമയുടെയും രത്നച്ചുരുക്കം .... തുടരുക ഈ ഉദ്യമം ...... ലോക സിനിമകളെക്കുറിച്ച് ഞാനും ഒരു ബ്ലോഗ്‌ എഴുതുന്നു.. തുടക്കക്കാരനായ എനിക്ക് താങ്കളുടെ അഭിപ്രായവും , നിർദേശങ്ങളും അറിയാൻ ആഗ്രഹമുണ്ട്......
    www.entecinemavayanakal.blogspot.com

    ReplyDelete
  4. ബിബൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായ യുടെ നോവൽ വായിച്ച ശേഷമാണ് സിനിമ ആദ്യം കണ്ടത്. വിശ്വ ക്ലാസിക്ക് എന്നവകാശപ്പെടാവുന്ന ഈ സിനിമ വീണ്ടും വീണ്ടും കാണുമ്പോൾ അതിന്റെ പിന്നിലെ പ്രതിഭയെ നമസ്കരിച്ചു പോവുന്നു. അപുർ ത്രയത്തിലെ മറ്റ് രണ്ട് സിനിമകൾ കണ്ടിട്ടില്ലെങ്കിലും അതിന്റെ തിരക്കഥകൾ വായിച്ചിട്ടുണ്ട്.....

    ഏറ്റവും മികച്ച സിനിമയിലേക്ക് നല്ലൊരു ആമുഖം....

    ReplyDelete

Comments