August 06, 2013

ത്രീ മങ്കീസ്‌ (Three Monkeys - 2008)

ചിത്രം: ത്രീ മങ്കീസ്‌Three Monkeys - 2008 (തുര്‍ക്കി)
സംവിധാനം: നൂറി ബില്ഗെ സെയ്ലാന്‍
ഭാഷ: തുര്‍ക്കിഷ്
-------------------------------

2008  ലെ കാന്‍ ഫിലിം ഫെസ്റിവലില്‍ നൂറി ബില്ഗെ സെയ്ലാന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ത്രീ മങ്കീസ്‌ . 2011ലെ വണ്‍സ് അപോന്‍ എ ടൈം ഇന്‍ അനാടോളിയയിലും ( Once Upon a Time in Anatolia)  അദ്ദേഹത്തിന്റെ ചലച്ചിത്ര ഭാഷയുടെ തനിമ നാം കണ്ടതാണ്.   

തിന്മ കാണരുത്, കേള്‍ക്കരുത്, പറയരുത് എന്ന ജാപ്പനീസ് മിത്തോളജിയെ ത്രീ മങ്കീസ്‌ എന്ന ടൈറ്റിലിലൂടെ ഓര്‍മ്മപ്പെടുത്തി തുര്‍ക്കിയിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിലേക്ക് കടക്കുവാന്‍ ഒരു ശരാശരി കുടുംബത്തെ ഉപയോഗപ്പെടുത്തുകയാണ് സംവിധായകന്‍. പണവും അധികാരവും കയ്യാളുന്നവരുടെ വരുതിക്കുള്ളിലാണ് നീതിന്യായവ്യവസ്ഥ എന്നത് ലോകസത്യമായതുകൊണ്ട്‌ തന്നെ സിനിമയുടെ ഇതിവൃത്തം ഭാഷ ദേശാന്തരങ്ങള്‍ക്കപ്പുറമാണ്.   

ഒരു രാത്രിയില്‍ വിജനമായ വഴിയില്‍ കാറിടിച്ച് ഒരാള്‍ കൊല്ലപ്പെടുന്നു. കാറോടിച്ചിരുന്നയാള്‍ സമ്പന്നനും ഇല്കക്ഷനില്‍ സ്ഥാനാര്‍ഥിയുമാണ്‌. അയാള്‍ ഉചിതമായ പ്രതിഫലം നല്‍കി തന്‍റെ ഡ്രൈവറോട് കുറ്റം ഏറ്റെടുത്തു ജെയിലില്‍ പോകാന്‍ ആവശ്യപ്പെടുന്നു. ചെറിയ കാലയളവിലേക്ക് ആയതിനാല്‍ അയാള്‍ സമ്മതിക്കുന്നു. ഭാര്യയും കൌമാരക്കാരനായ മകനും മാത്രമുള്ള ഡ്രൈവറുടെ കുടുംബത്തില്‍ ആക്സ്മികമായുണ്ടാകുന്ന ഈ സംഭവം വരുത്തുന്ന പ്രത്യാഘാതങ്ങളാണ് സിനിമയുടെ പ്രമേയം.

ജീവിതഗന്ധിയായ ഡ്രാമ സിനിമകളുടെ ശ്രേണിയില്‍ പെടുത്താമെങ്കിലും അവതരണത്തിലെ വ്യത്യസ്തതകൊണ്ട് ഒരു പടി മുന്‍പിലാണ് ഈ ചിത്രത്തിന്‍റെ സ്ഥാനം. ക്ലാസിക് സിനിമകളില്‍ ഓരോ രംഗങ്ങളും വളരെ സൂഷ്മമായി ഡീറ്റെയില്‍ ചെയ്‌തു കാണാറുണ്ട്. എന്നാല്‍ ത്രീ മങ്കീസിലെ ഓരോ സീനുകളും തോട്ടടുത്തതിലേക്ക് ചാടിക്കടന്നാണ് പോകുന്നത്. ആ അകലം പൊടുന്നനെ പ്രേക്ഷകരുടെ ചിന്താശേഷിയെ ഉണര്‍ത്തും. സംഭവങ്ങളെ തമ്മില്‍ പാലമിട്ടു ബന്ധിപ്പിക്കേണ്ട   ചുമതല (അഥവാ സ്വാതന്ത്യം) പ്രേക്ഷകന് നല്‍കികൊണ്ട് സിനിമ മുന്നോട്ടു നീങ്ങുന്നു. കഥ പറച്ചിലിന്റെ ആ വേഗത തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. 

കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍ മൌനത്തിന്റെ സാധ്യതള്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. രംഗത്തിന്‍റെ ഗൌരവഭാവം നിലനിര്‍ത്താനും ശക്തമായ സന്ദേശങ്ങള്‍ കൈമാറാനും നിശബ്ദതയെ എത്ര ഭംഗിയായി ഉപയോഗിക്കാം എന്ന് ഈ ചിത്രം കാട്ടിത്തരുന്നുണ്ട്‌. അനാവശ്യമെന്നു തോന്നുന്ന ഒരു ദൃശ്യം പോലും അവശേഷിപ്പിക്കാത്ത മനോഹരമായ ചായാഗ്രഹണവും മികച്ച എഡിറ്റിങ്ങും കൊണ്ട് ഉല്‍കൃഷ്ടമായൊരു സൃഷ്ടിയാണ്  ത്രീ മങ്കീസ്.  

3 comments:

  1. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍ മൌനത്തിന്റെ സാധ്യതള്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. രംഗത്തിന്‍റെ ഗൌരവഭാവം നിലനിര്‍ത്താനും ശക്തമായ സന്ദേശങ്ങള്‍ കൈമാറാനും നിശബ്ദതയെ എത്ര ഭംഗിയായി ഉപയോഗിക്കാം എന്ന് ഈ ചിത്രം കാട്ടിത്തരുന്നുണ്ട്‌. അനാവശ്യമെന്നു തോന്നുന്ന ഒരു ദൃശ്യം പോലും അവശേഷിപ്പിക്കാത്ത മനോഹരമായ ചായാഗ്രഹണവും മികച്ച എഡിറ്റിങ്ങും കൊണ്ട് ഉല്‍കൃഷ്ടമായൊരു സൃഷ്ടിയാണ് ത്രീ മങ്കീസ്.

    ഈ പടം ഒന്ന് കാണണം..!

    ReplyDelete
  2. അതി മനോഹരമായ ഒരു സിനിമ. ഒട്ടേറെ പ്രതീക്ഷകൾ നൽകുന്ന സംവിധായകനാണ് സെയലാൻ ... ഓരോ സിനിമയും അദേഹത്തിന്റെ ക്ലാസ് വ്യക്തമാക്കുന്നു. നല്ല നിരീക്ഷണങ്ങളും അവതരണവും ... ഈ സിനിമയെക്കുറിച്ച് ഒരു കുറിപ്പ് എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട് ... അതിന്റെ ലിങ്ക് ഈ കമന്റിനു താഴെ നൽകുന്നു ... താങ്കൾ വായിച്ചു ഒരു അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. http://entecinemavayanakal.blogspot.in/2014/04/three-monkeys.html

    ReplyDelete

Comments