August 08, 2013

പാന്‍സ് ലാബ്രിന്ത് (Pan's Labyrinth -2006)

ചിത്രം: പാന്‍സ് ലാബ്രിന്ത് - Pan's Labyrinth -2006 (സ്പെയ്ന്‍)
തിരക്കഥ, സംവിധാനം: ഗുല്ലെര്‍മൊ ഡെല്‍ടൊറൊ
ഭാഷ: സ്പാനിഷ്
------------------------------------------------

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ്‌ ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം.

സിനിമയുടെ ശീര്‍ഷകം റോമന്‍ മിത്തോളജിയുടെ ചുവടു പിടിച്ചുള്ളതാണ്. "പാന്‍" എന്നത് ആട്ടിടയന്‍മാരുടെ വിശ്വാസങ്ങളിലെ പാതി മൃഗവും(ആട്) പാതി മനുഷ്യനുമായ ദൈവിക രൂപമാണ്. "ലാബ്രിന്ത്" കുട്ടികളുടെ വഴികാട്ടല്‍ ക്രിയകളിലെ ഒരു ഗണിതകരൂപവും. കഥയിലെ ഫാന്റസിയെയും റിയാലിറ്റിയെയും കൃത്യമായി നിര്‍വച്ചിക്കാന്‍ ഏറ്റവും ഉചിതമായ ടൈറ്റില്‍.

കെട്ടുകഥകളെ വിശ്സനീയമാകും വിധം അവതരിപ്പിക്കാന്‍ സപാനിഷ്-മെക്സിക്കന്‍ എഴുത്തുകാര്‍ക്കുള്ള ക്രാഫ്റ്റ് അപാരമാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ഗുല്ലെര്‍മൊ ഡെല്‍ടൊറൊ തന്‍റെ കഥയെ മനോഹരമായി ദൃശ്യാവിഷകരിച്ചപ്പോള്‍ പാന്‍സ് ലാബ്രിന്ത് പ്രേക്ഷകര്‍ക്ക് വിഭ്രമാത്മകമായ ഒരു അനുഭവമായി മാറുന്നു.

ഒരിടത്തൊരിക്കല്‍......സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. പെട്ടന്ന്‍ അതൊരു പെണ്‍കുട്ടി വായിക്കുന്ന പുസ്തകത്തിലെ കഥയാണ്‌ എന്ന് കാണിച്ചു തന്ന് പ്രേക്ഷകരെ യാഥാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവരുന്നു. വീണ്ടും പെണ്‍കുട്ടി അവളുടെ കാല്‍പനിക ലോകത്തിലേക്ക് സഞ്ചരിക്കുന്നു. കൂടെ നമ്മളും. കഥയിലെ ഈ ഇന്റര്‍ചേഞ്ചിംഗ് ആദ്യാവസാനം വളരെ ഭംഗിയായി സിനിമയില്‍ പ്രയോഗിച്ചിട്ടുണ്ട്.

1944 ലെ സ്പാനിഷ് സിവില്‍ വാറും ഫാസിസ്റ്റ് സൈനിക ഭരണത്തിനെതിരെയുള്ള ഗറില്ല ആക്രമണങ്ങളും പശ്ചാത്തലമാക്കുക വഴി ചരിത്രത്തെ കൂട്ടുപിടിച്ച് കഥയെ കൂടുതല്‍ ആധികാരികവും ഉദ്വേഗജനകവുമാക്കാന്‍ സാധിച്ചിട്ടുണ്ട്.

രാഷ്ട്രീയപരവും ആത്മീയവുമായ ചില മാനങ്ങള്‍ സിനിമക്കു നിരൂപകര്‍ കല്‍പ്പിക്കുന്നുണ്ട്. സ്വയം ജീവത്യാഗം ചെയ്ത് നിഷ്കളങ്ക രക്തം കൊണ്ട് പുനര്‍ജ്ജന്മം നേടുന്നത് ഫാന്ടസി എങ്കില്‍ ഫാസിസം എന്ന തിന്മക്കുമേല്‍ പോരാടി നേടുന്നത് നന്മയുടെ വിജയയമായി റിയാലിയില്‍ അവതരിപ്പിക്കുകയാണ്. രണ്ടും പ്രതീകാത്മകങ്ങളാണ്.

ഒരു കലാകാരന്റെ മനസിനെ അതേപടി ദൃശ്യവത്കരിക്കാന്‍ കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ക്രെഡിറ്റ് മുഴുവന്‍ കഥാകൃത്തും സംവിധായകനുമായ ഗുല്ലെര്‍മൊ ഡെല്‍ടൊറിന് അവകാശപ്പെട്ടതാണ്.

1 comment:

  1. ഒരിടത്തൊരിക്കല്‍......സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. പെട്ടന്ന്‍ അതൊരു പെണ്‍കുട്ടി വായിക്കുന്ന പുസ്തകത്തിലെ കഥയാണ്‌ എന്ന് കാണിച്ചു തന്ന് പ്രേക്ഷകരെ യാഥാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവരുന്നു. വീണ്ടും പെണ്‍കുട്ടി അവളുടെ കാല്‍പനിക ലോകത്തിലേക്ക് സഞ്ചരിക്കുന്നു. കൂടെ നമ്മളും. കഥയിലെ ഈ ഇന്റര്‍ചേഞ്ചിംഗ് ആദ്യാവസാനം വളരെ ഭംഗിയായി സിനിമയില്‍ പ്രയോഗിച്ചിട്ടുണ്ട്

    ReplyDelete

Comments