August 13, 2013

തെസ്റ്റ് (Thirst -2009)

ചിത്രം: തെസ്റ്റ് - Thirst -2009 (സൌത്ത്കൊറിയ)
രചന, സംവിധാനം : പാര്‍ക്ക്‌ ചാന്‍ വൂക്
ഭാഷ: കൊറിയന്‍
----------------------

ഒരേ സമയം ഹൊറര്‍ -ത്രില്ലര്‍ - ലവ് സ്ടോറി ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് പാര്‍ക്ക്‌ ചാന്‍ വൂക്കിന്റെ തെസ്റ്റ് എന്ന ചിത്രം. കണ്ടും കേട്ടും മടുത്ത രക്തദാഹികളായ പ്രേത - ഡ്രാക്കുള കഥകളുടെ ഇടയിലെ വേറിട്ടൊരു അധ്യായമാണ് ഈ സിനിമ.

സാധാരണ ഹൊറര്‍, ഫാന്ടസി സിനിമളെ സമീപിക്കുന്ന പ്രേക്ഷകന്‍ യുക്തിബോധം ഒരു പരിധിവരെ പണയം വെക്കാന്‍ തയ്യാറാണ്. അപ്പോള്‍ സങ്കേതികമായോ കലാപരമായോ വ്യത്യസ്തമായ എന്തെങ്കിലും മാത്രം പ്രതീക്ഷിച്ചിരിക്കുന്നവരെ പൂര്‍ണ്ണമായും തന്‍റെ ട്രാക്കിലേക്ക് കൊണ്ടുവരിക എന്ന ശ്രമകരമായ ദൌത്യമാണ് സംവിധായകന് മുന്നിലുള്ളത്. അവിടെയാണ് തെസ്ടിന്റെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച പാര്‍ക്ക്‌-ചാന്‍-വൂക് വിജയിക്കുന്നത്.

കൊറിയയിലെ ഒരു ഹോസ്പിറ്റലില്‍ ആതുരസേവനം നടത്തുന്ന വൈദികന്‍ അമേരിക്കയില്‍ ഒരുപാടു പേരില്‍ പരീക്ഷിച്ചു പരാജയപ്പെട്ട (ഇമ്മാനുവേല്‍ വൈറസ് (EV) എന്ന വാക്സിന്‍ തന്‍റെ ശരീരത്തിലും പരീക്ഷണ വിധേയമാക്കാന്‍ തയാറാകുന്നു. ശരീരത്തില്‍ വന്നുഭവിച്ച രാസ മാറ്റത്തിനൊടുവില്‍, മരിച്ചു എന്ന് വിധിയെഴുതുന്നതിനു തൊട്ടു മുന്‍പ് നല്‍കിയ രക്തം അയാളെ പുനരുജ്ജീവിപ്പിക്കുന്നു. ഒരുപാടു പേര്‍ കീഴടങ്ങിയ രോഗത്തെ അതിജീവിച്ചു മടങ്ങിയെത്തിയ വൈദികനെ വിശ്വാസികള്‍ അത്ഭുതസിധിയുള്ളവനായി കരുതുന്നു. എന്നാല്‍ ജീവന്‍ നിലനിര്‍ത്തുവാനുള്ള അയാളുടെ രഹസ്യങ്ങള്‍ മേലധികാരിയായ വൈദികനു മാത്രം അറിയാവുന്ന രഹസ്യമായിരിക്കെ പൂര്‍വകാല സുഹൃത്തിനെ കാണുന്നതും അയാളുടെ ഭാര്യയുമായി അടുപ്പത്തിലാകുന്നതും ചെയ്യുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. കഥ അവിടെത്തുടങ്ങി ഒരുപാട് സങ്കീര്‍ണ്ണത്തകളിലൂടെ സഞ്ചരിക്കുന്നു.

ഹൊറര്‍ ചിത്രങ്ങളില്‍ മൂഡ്‌ ക്രിയേറ്റ് ചെയ്യാന്‍ സാധാരണ പ്രയോഗിക്കാറുള്ള ഞെട്ടിപ്പിക്കുന്ന ശബ്ദ കൊലാഹലങ്ങളോ ക്യാമറ ഉപയോഗിച്ചുള്ള വിഷ്വല്‍ ഇല്യൂഷനോ ഇല്ലാതെ ഏറ്റവും അനുയോജ്യവും ചോദ്യം ചെയ്യപ്പെടാനാകാത്തതുമായ കഥ സൃഷ്ടിച്ച്, അത് മനോഹരമായി ദൃശ്യവത്ക്കരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വയലന്‍സ് സീനുകളും പരിധിക്കുള്ളില്‍ നിര്‍ത്തിയിരിക്കുന്നു.

പ്രേക്ഷരെ ആകാംക്ഷയിലും ഉദ്വേഗത്തിലും പിടിച്ചിരുത്തുമ്പോഴും ക്യാമറ, നല്ല കളര്‍ സ്കീം, പശ്ചാത്തലസംഗീതം, കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ തുടങ്ങി സിനിമയുടെ എല്ലാ വശങ്ങളിലെയും പൂര്‍ണ്ണത നിലനിര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്. പെട്ടന്ന് വീല്‍ ചെയറില്‍ ആകുന്ന സ്ത്രീ കഥാപാത്രം ക്രമേണ തടിച്ചരൂപമായി മാറുന്നുണ്ട്. അതൊരു ഉദാഹരണം മാതം. അതുപോലെ കാഴ്ചയുടെ വിസ്മയത്തില്‍ ശ്രദ്ധ പതിയിയാത്തതും അത്ര പ്രാധാന്യമില്ല എന്ന് കരുതുന്നതുമായ ഒരുപാട് വിഷയങ്ങള്‍ കഥയിലും സീനിലും കൃത്യമായി സന്നിവേശിപ്പിച് നല്ല നിലവാരമുല്ലൊരു കലാസൃഷ്ടിയായി പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ തെസ്റ്റിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട് 

No comments:

Post a Comment

Comments