July 04, 2013

സോങ്ങ് ഓഫ് സ്പാരോസ് (Song of Sparrows - 2008)

ചിത്രം:സോങ്ങ് ഓഫ് സ്പാരോസ് -Song of Sparrows - 2008 (ഇറാന്‍)
തിരക്കഥ, സംവിധാനം: മജീദ്‌ മജദി
ഭാഷ: പേര്‍ഷ്യന്‍ 
-----------------------------------------------------------------------------------------


ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജീദ്‌ മജദിയുടെ മനോഹരമായ ചലച്ചിത്ര കാവ്യം. ടെഹ്രാന്റെ മലയോര ഗ്രാമത്തില്‍ ഒട്ടകപക്ഷി ഫാമിലെ ജോലിക്കാരനായ കരീമിലൂടെയാണ് കഥ തുടങ്ങുന്നത്.

സിനിമയുടെ പേരില്‍ തന്നെ കുരിവികളുടെ ഈണം തുളുമ്പുമ്പോള്‍ ഫ്രെയ്മില്‍ നിറയെ ഒട്ടകപക്ഷികളാണ്. ആ വൈരുദ്ധ്യത്തെ ഇഴ ചേര്‍ത്തു നെയ്തെടുത്തിരിക്കുകയാണ് മജിദി. അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളെ പോലെതന്നെ ലളിതവും എന്നാല്‍ ആസ്വാദനത്തിന്റെ ഏതു പടിയില്‍ നിന്നു നോക്കുന്നവര്‍ക്കും ഇഷ്ടമുള്ള മാനങ്ങള്‍ മെനയാവുന്നതുമായ സൃഷ്ടി. 

“ചില്‍ഡ്രണ്‍ ഓഫ് ഹെവനില്‍” നായക കഥാപാത്രമായ അലിയുടെ പിതാവിനെ അവതരിപ്പിച്ച മൊഹമ്മദ്‌ അമിര്‍നജി തന്നെയാണ് “സോങ്ങ് ഓഫ് സ്പാരോസ്”ലെ നായക കഥാപാത്രമായ കരീമിനെയും അനശ്വരനാക്കിയിരിക്കുന്നത്.

ഒരു ദരിദ്ര ഗ്രാമീണന്റെ മനസിലെ നന്മയുടെ ആഴങ്ങള്‍, മാറുന്ന ചുറ്റുപാടുകളില്‍ അയാള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍, നഗരത്തിന്റെ വിവിധ മുഖങ്ങള്‍ ഒക്കെ കരീമിലൂടെ ഭംഗിയായി ആവിഷ്കരിക്കുന്നു. പെട്ടന്ന് കൈവരുന്ന പണം ഒരു വ്യക്തിയില്‍വരുത്തുന്ന മാറ്റങ്ങള്‍,.... 

തന്‍റെ വിരല്‍തുംബിലൂടെയാണ് ലോകം ഉരുളുന്നത്‌ എന്ന് കരുതുന്ന ഒരാള്‍ക്ക് നിസഹായനായി ഇരിക്കേണ്ടി വരുന്ന അവസ്ഥയില്‍ മാത്രം മനസിലാകുന്ന ചുറ്റുമുള്ളവരുടെ മഹത്വം....

സ്വന്തം ജീവിത തത്രപ്പാടിനിടയില്‍ പലരും കാണാതെ പോകുന്ന കുട്ടികളുടെ കാര്യശേഷിയും ചിന്തകളും....

വഴിയില്‍ തെറ്റും ശരിയും കൂട്ടിമുട്ടുന്നിടത്തോക്കെ ഒട്ടകപ്പക്ഷി ഒരോര്‍മ്മപ്പെടുത്തലായി അയാള്‍ക്ക്‌ മുന്‍പില്‍ തെളിയുകയാണ്. ഒരു കുരുവിയെപ്പോലെ ചെറുതായിരുന്ന തന്‍റെ പഴയ കാലങ്ങളിലെ നന്മയെ തിരിച്ചറിഞ്ഞ് അതിലേക്ക് പാട്ടുംപാടി മടങ്ങി പോകുന്നിടത്ത് കഥ അവസാനിക്കുന്നു.........! 

ലളിതം .....സുന്ദരം......ജീവിതം = മജീദ്‌ മജദി!

No comments:

Post a Comment

Comments