July 11, 2013

ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ (Life is Beautiful - 1997)

ചിത്രം: ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ -Life is Beautiful - 1997 (ഇറ്റലി)
രചന, സംവിധാനം: റോബര്‍ട്ടോ ബെഞ്ചിനി
ഭാഷ: ഇറ്റാലിയന്‍
-------------------------------------------------------------------------------------------

1999 ലെ മികച്ച വിദേശ ഭാഷാചിത്രം, മികച്ച നടന്‍ എന്നീ ഓസ്കാര്‍ അവാര്‍ഡ് ഉള്‍പടെ റോബര്‍ട്ടോ ബെഞ്ചിനിക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം.

പേരുകേട്ട ക്ലാസിക് സിനിമ തന്നെയാണോ കാണുന്നത് എന്ന്‍ സംശയമുണര്‍ത്തും വിധം ആദ്യ പകുതിയിലേറെയും അതിഭാവുകത്വം നിറഞ്ഞ കോമിക് സീനുകളാണ്.  പടത്തിന്‍റെ കോമഡി മൂഡുമായി പ്രേക്ഷകരെ ഇഴുകിച്ചേര്‍ക്കും വിധം അസാധ്യ പ്രകടനമാണ് നായക കഥാപാത്രമായ ഗ്യൂഡോയെ അവതരിപ്പിക്കുന്ന റോബര്‍ട്ടോ ബെഞ്ചിനിയുടേത്.

രസം പകരുന്ന സീനുകളില്‍ നിന്നും പെട്ടന്ന്‍ കഥക്ക് അപ്രതീക്ഷിതമായ ഭാവമാറ്റം സംഭവവിക്കുകയാണ്. പൊടുന്നനെയുള്ള ആ എടുത്തെറിയല്‍ കൊണ്ടാണ് മറക്കാനാവാത്ത അനുഭവമായി സിനിമ മാറ്റപ്പെടുന്നത്.

രണ്ടാം ലോക മഹായുദ്ധ കാലത്തെ ഇറ്റലിയിലെ നാസി അധിനിവേശം കാര്യങ്ങള്‍ തകിടംമറിക്കുന്നു. നാസി കോണ്‍സന്ട്രെഷന്‍ ക്യാമ്പിലേക്ക് നയിക്കപ്പെടുന്ന ഗ്യൂഡോ, കാര്യങ്ങളുടെ ഗൌരവം മനസിലാക്കാന്‍ പ്രായമാകാത്ത മകന്‍ ജോഷ്വക്ക് ഭീതി തോന്നാതിരിക്കാന്‍ നടക്കുന്ന സംഭവങ്ങളൊക്കെ ഒരു ഗെയിമിന്റെ ഭാഗമാണ് എന്ന വിധം അവതരിപ്പിക്കുന്നു.

 ബെഞ്ചിനിയുടെ പിതാവിന് മൂന്നു വര്‍ഷ കാലത്തോളം നാസി പട്ടാള തടങ്കലില്‍ പീഡനനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ അനുഭവങ്ങളില്‍ നിന്നും ഉടലെടുത്തതാണ് കഥയുടെ പ്രമേയം.

നാസി ഭീകരതയുടെ ഏറ്റവും പൈശാചികമായ ജൂത കൂട്ടക്കൊലയെ (ഹോളോകാസ്റ്റ്) ലളിതവത്കരിച്ചു കാണിച്ചു എന്ന കാരണം കൊണ്ട് പഴി കേള്‍ക്കേണ്ടി വന്നെങ്കിലും നടന വൈഭവംകൊണ്ടും സംവിധാന മികവുകൊണ്ടും അതിനെയൊക്കെ കവച്ചുവെക്കുന്ന ഒറ്റയാള്‍ പ്രകടനമാണ്  റോബര്‍ട്ടോ ബെഞ്ചിനി നടത്തുന്നത്. സിനിമയിലെ നായിക കഥാപാത്രമായ ഡോറ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഭാര്യ തന്നെയാണ്.

ആദ്യാവസാനം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുമ്പോഴും കണ്ണ് നിറയാതെ കണ്ടെണീക്കാന്‍ സാധിക്കില്ല എന്നതാണ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുളിന്റെ പ്രത്യേകത.

No comments:

Post a Comment

Comments