August 20, 2013

ദി തിന്‍ റെഡ് ലൈന്‍സ് (The Thin Red Line-1998)

ചിത്രം: ദി തിന്‍ റെഡ് ലൈന്‍സ്-  The Thin Red Line-1998 (യു.എസ്)
തിരക്കഥ, സംവിധാനം: ടെറന്‍സ്‌ മലിക്
ഭാഷ: ഇംഗ്ലീഷ്
-------------------

രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ കപ്പല്പട തന്ത്ര പ്രധാനമായ മൌന്റ്റ് ഓസ്ടിന്‍റെ നിയന്ത്രണം പിടിച്ചെടുക്കുന്നത് പ്രമേയമാക്കി ഒരുക്കിയ സിനിമ. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെറന്‍സ്‌ മലിക് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം.

യുദ്ധം പശ്ചാത്തലമാക്കിയുള്ള മറ്റു സിനിമകളില്‍നിന്നും വളരെ വ്യത്യസ്തമാണ് തിന്‍ റെഡ് ലൈന്‍. സാഹസികതക്കും പിടിച്ചടക്കലുകള്‍ക്കും അപ്പുറം ദാര്‍ശനികമായ വീക്ഷണമാണ് പങ്കുവെയ്ക്കപ്പെടുന്നത്. ജേര്‍ണലിസ്ടും തത്വശാസ്ത്ര അദ്ധ്യാപകനുമായിരുന്ന മലിക്കിന്റെ ദര്‍ശനങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിക്കുന്നത്. ജിയോഗ്രാഫിക് ചാനലിലെ ഡോക്യുമെന്ടറി മൂഡില്‍, പ്രപഞ്ചത്തിന്റെ നിഗൂഡതകള്‍ക്ക് നേരെ ചോദ്യമുന്നയിച്ചാണ് ജിയോളജിസ്റ്റ് കൂടിയായ അദ്ദേഹം സിനിമ തുടങ്ങുന്നത്. പതിവ് യുദ്ധ സിനിമയുടെ ചെരുവകള്‍ പ്രതീക്ഷിച്ച് മലിക്കിന്‍റെ സിനിമകള്‍ ആദ്യമായി കാണുന്ന പ്രേക്ഷകന്‍റെ മുന്‍ ധാരണകളെ മായ്ക്കുവാന്‍ ആദ്യ സീനില്‍ തന്നെ സാധിക്കുന്നു.

ചരിത്രത്തിലെ ഒരു യുദ്ധത്തിനെ കടമെടുത്തുകൊണ്ട് വ്യതയ്സ്ഥാമായ അര്‍ത്ഥ തലങ്ങളിലേക്ക് തിന്‍ റെഡ് ലൈന്‍ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു. പ്രകൃതിയിലെ നിലക്കാത്ത ചംക്രമണത്തിന്‍റെ ഭാഗമാണ് എല്ലാം. ഒരിക്കലും നിലക്കാത്ത യുദ്ധ ഭൂമികളും അതില്‍ വന്നുപോയിക്കൊണ്ടിരിക്കുന്ന സൈനികരും ആ പ്രതിഭാസത്തിന്‍റെ ഭാഗം മാത്രം. സത്യത്തില്‍ ആര്‍ക്ക് വേണ്ടിയാണ് സൈനികര്‍ യുദ്ധം ചെയ്യുന്നത്? ഇവിടെ വിജയിയും പരാജിതരുമുണ്ടോ?
എല്ലാവരും ഒരിക്കല്‍ മരിക്കുമെന്നിരിക്കെ ഒരു പടയാളിയുടെ ഫൈനല്‍ ഡെസ്ടിനി മരണമല്ലാതെ മറ്റെന്താണ്?
താന്‍ സ്നേഹിക്കുന്ന പ്രകൃതിയുടെ അശമാകുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജിം കാവിസേലിലൂടെ സംവിധാകന്‍ പറയുന്നതും ഇതാണ്.
ഓരോരുത്തരും അവരുടെ യുദ്ധം സ്വയം നയിച്ചു വിജയം നേടുക.
പതിനഞ്ചു വര്‍ഷത്തെ പട്ടാള ജീവിതത്തില്‍ ആദ്യത്തെ യുദ്ധം നയിക്കാന്‍ അവസരം കിട്ടിയ വീര്യത്തില്‍ പട നയിക്കുന്ന നിക്ക് നോല്ട്ടിന്റെ കേണല്‍, മരിക്കുമെന്ന് ഉറപ്പുള്ള പോര്‍ മുഖത്തെക്ക് തന്‍റെ സഹ സൈനികരെ വിട്ടുകൊടുക്കാതെ കമാന്റിഗ് ആജ്ഞ ധിക്കരിക്കുന്ന ക്യാപ്ടന്‍, അവര്‍ക്കെല്ലാം അവരുടെതായ ശരികളും ലക്ഷ്യങ്ങളുണ്ട്. അങ്ങനെ തങ്ങളുടേതായ വഴികളിലൂടെ ഒരോരുത്തരും ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നു. 

ജെയിംസ് ജോണ്‍സ് എന്ന നോവലിസ്ടിന്റെ പുസ്തകത്തെ അടിസ്ഥാനമായെടുത്ത് അനേക പഠനങ്ങള്‍ക്കും, വിവര ശേഖരണങ്ങള്‍ക്കും, അന്വേഷണങ്ങള്‍ക്കും ഒടുവില്‍ പത്തുവര്‍ഷം കൊണ്ടാണ് മാലിക് തിരക്കഥ പൂര്‍ത്തിയാക്കിയത്. ഹോളിവുഡിലെ പ്രമുഖരായ നടന്മാരുടെ ഒരു പട തന്നെയാണ് സിനിമയില്‍. നീണ്ട ഇടവേളക്ക് ശേഷം ടെറന്‍സ്‌ മാലിക് സിനിമ ചെയ്യുന്നു എന്നറിഞ്ഞ് അവസരം ചോദിച്ചു വന്നവരാണ് ഏറെയും. പ്രതിഫലം കാര്യമാക്കാതെ ഒന്ന് മുഖം കാണിക്കാന്‍ വേണ്ടി മാത്രം പ്രമുഖ താരങ്ങള്‍ എത്തി എന്നത് മലിക്കെന്ന പ്രതിഭയുടെ സ്വീകാര്യത വെളിവാക്കുന്നു. എഡിറ്റിങ്ങിനു ശേഷവും അഞ്ചു മണിക്കൂറോളം ദൈര്‍ഖ്യമുണ്ടായിരുന്ന സിനിമയെ ഫൈനല്‍ കട്ടില്‍ മൂന്ന് മണിക്കൂറിനടുത്തേക്ക് ചുരുക്കുകയായിരുന്നു. അത് വഴി പല താരങ്ങളുടെയും അഭിനയിച്ച സീനുകള്‍ അപ്രത്യക്ഷമായി.

1 comment:

  1. ഓരോരുത്തരും അവരുടെ
    യുദ്ധം സ്വയം നയിച്ചു വിജയം നേടുക...

    ReplyDelete

Comments