August 02, 2013

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി വെസ്റ്റ് (Once upon a time in the west -1968)

ചിത്രം: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി വെസ്റ്റ് - Once upon a time in the west - 1968 (ഇറ്റലി)
സംവിധാനം: സെര്‍ജിയോ ലിയോണ്‍
ഭാഷ: ഇറ്റാലിയന്‍, ഇംഗ്ലീഷ്
------------------------------------------------


കൌബോയി സിനിമകളുടെ മാസ്ടറായ സെര്‍ജിയോ ലിയോണിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്. ക്ലിന്റ് ഈസ്റ്റ്‌വുഡിനെ നായകനാക്കി തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഒരുക്കിയ ഡോളര്‍ ട്രയോളജിക്കു ശേഷം (A Fistful of Dollars-1964, For a Few Dollars More-1965,The Good, the Bad and the Ugly-1966)  1968 ല്‍ സംവിധാനം ചെയ്ത സിനിമയാണ് ഇത്.

അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന ഗുഡ് ബാഡ് ആണ്ട് അഗ്ലിയുടെ അത്ര ചടുലത അവകാശപ്പെടാനില്ലെങ്കിലും കാലാതിവര്‍ത്തിയായ പ്രമേയം കൊണ്ട്  മറ്റു സിനിമകളെക്കാള്‍ ഒരുപടി മുന്നിലാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി വെസ്റ്റ്.

ഉള്‍നാടന്‍ റെയില്‍ ഗതാഗതം എത്തിക്കൊണ്ടിരിക്കുന്ന വെസ്റെന്‍ അമേരിക്കയിലെ ന്യൂ ഓര്‍ലാന്‍സ് ടൌന്‍ ആണ് കഥയുടെ പ്ലോട്ട്. ആര്‍ക്കും വേണ്ടാതെ കിടന്ന തരിശുഭൂമി മുഴുവന്‍ ബ്രെറ്റ് മക്ബൈന്‍ എന്നയാളുടെ സ്വന്തമായിരുന്നു. ലോക്കോമോട്ടീവ് എഞ്ചിന്‍ ട്രെയിനുകള്‍ക്ക് മരുഭൂമിയില്‍ വെള്ളത്തിനുള്ള ഏക ആശ്രയം സ്റെഷനുകള്‍ മാത്രമാണ് എന്ന കച്ചവട സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു റെയില്‍ പാളങ്ങള്‍ എത്തും മുന്‍പേ അയാള്‍ ഭൂമി വാങ്ങികൂട്ടിയിരുന്നത്. കാലക്രമേണ റെയില്‍ മാഫിയ ഇതു തിരിച്ചറിയുകയും മക്ബൈനില്‍ നിന്നും ബലമായി ഭൂമി തട്ടിയെടുക്കാന്‍ ഗണ്‍ ഫ്രാങ്ക് എന്ന വാടക കൊലയാളിയെ ചുമതലപ്പെടുത്തുകളും ചെയ്യുന്നു.

ഹാര്‍മോണിക്ക എന്ന വിളിപ്പേരുള്ള അജ്നാതന്‍ ഫ്രാങ്കിനോട് പൂര്‍വകാല കണക്കുകള്‍ തീര്‍ക്കുവാന്‍ ട്രെയിന്‍ ഇറങ്ങുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. മക്ബൈയിന്‍ അടുത്ത് വിവാഹം ചെയ്ത ജില്‍ എന്ന വേശ്യ അയാളെ തേടിഎത്തും മുന്‍പേ മക്ബൈയിനും കുട്ടികളും കൊല്ലെപ്പെടുന്നു. ജെയില്‍ ചാടിയെത്തുന്ന ചെയ്ന്‍ എന്ന കൊള്ളക്കാരനും സ്ഥലത്തെത്തുന്നതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാകുന്നു.

 നായകനെ നിഷ്പ്രഭനാക്കുന്ന വില്ലന്‍ വേഷത്തില്‍ ഹെന്‍ട്രി ഫോണ്ട. അത് മുന്‍കൂട്ടി കണ്ട് ക്ലിന്റ് ഈസ്റ്റ്‌വുഡ് വെച്ചോഴിഞ്ഞ നായക വേഷത്തില്‍ ചാര്‍ല്സ് ബ്രോസ്നന്‍. നായികയായി ക്ലോഡിയ കാര്‍ഡിനല്‍.

സിനിമയുടെ സെറ്റ് ഒരുക്കിയതിലെ കലാ സംവിധാനമികവ് എടുത്തു പറയേണ്ടതാണ്. ഡോളര്‍ ത്രയ സിനിമകളിലെ പോലെതന്നെ കൌതുകമുണര്‍ത്തുന്ന ടൈറ്റില്‍ തീം മ്യൂസിക്. വ്യത്യസ്തമായ പശ്ചാത്തല സംഗീതം സിനിമയുടെ മറ്റൊരു പ്രത്യേകതയാണെങ്കിലും കരോള്‍-ഗോസ്പല്‍ മ്യൂസിക്കിനോട് സാമ്യം പുലര്‍ത്തുന്ന ഈണം ചില അവസരങ്ങളില്‍ എറിച്ചുനില്‍ക്കുന്നതായി അനുഭവപ്പെട്ടു. എക്കാലത്തെയും മികച്ച ഇറ്റാലിയന്‍, ഇംഗ്ലീഷ്‌ ചിത്രങ്ങളുടെ ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്ന ഒന്നാണ് ഈ  ചിത്രം.  

No comments:

Post a Comment

Comments