August 20, 2013

ഇന്‍സെന്‍ഡൈസ് (Incendies - 2010)

ചിത്രം: ഇന്‍സെന്‍ഡൈസ് - Incendies - 2010 (ക്യാനഡ)
സംവിധാനം: ഡെന്നിസ് വില്ലെന്യൂ
ഭാഷ: ഫ്രഞ്ച്, അറബിക്
-------------------------

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടിയതോടെയാണ് ഇന്‍സെന്‍ഡൈസ് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത്. ക്യാനഡയിലേക്ക് കുടിയേറിയ അറബ് വംശജയായ സ്ത്രീയുടെ മരണശേഷം മക്കളിലൂടെ ദുരൂഹമായ അവരുടെ പൂര്‍വകാല ജീവിതത്തിന്‍റെ ചുരുളഴിയുന്നതാണ് കഥ.

മരണാനന്തരം വക്കീല്‍ മക്കള്‍ക്ക് മുന്‍പില്‍ വായിക്കുന്ന വില്‍പത്രത്തില്‍ സ്വത്ത് വിഭജനം കൂടാതെ വിചിത്രമായ പല നിര്‍ദേശങ്ങളും അടങ്ങിയിരുന്നു. അതുവരെ അവര്‍ക്കറിവില്ലാത്ത പിതാവിനെയും സഹോദരനെയും കണ്ടുപിടിക്കുക,  സീല്‍ ചെയ്തു രഹസ്യമാക്കിയ തന്‍റെ കത്തുകള്‍ അവരെ ഏല്‍പ്പിക്കുക, ശരീരം ശവപെട്ടികൂടാതെ നഗ്നമായി സംസ്കരിക്കുക തുടങ്ങിയവ.

മകന്‍ സൈമണിന് ഇത് വെറും ഭ്രാന്തായി തോന്നിയപ്പോള്‍ മകള്‍ ജെന്നി അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ജന്മ നാട്ടിലേക്ക് യാത്ര തിരിക്കുന്നു. പലസ്തീന്‍ ലബനീസ് പ്രവിശ്യയിലുള്ള അജ്ഞാതമായ ഏതോ ഗ്രാമമാണ് പ്ലോട്ട്. അവളുടെ അന്വേഷണത്തില്‍ അതുവരെ അവ്ര്‍ക്കറിയാത്ത ഒരു സ്ത്രീയുടെ- അവരുടെ അമ്മയുടെ- കഠിനമായ സഹനത്തിന്‍റെയും അതിജീവനത്തിന്റെയും കഥ വെളിപ്പെടുന്നു. ലബനീസ് സിവില്‍ വാറിന്റെയും ക്രിസ്ത്യന്‍-മുസ്ലീം വര്‍ഗീയ സംഘടനങ്ങളുടെയും കൂട്ടക്കുരുതിയുടെയും ഞെട്ടിപ്പിക്കുന്ന ചില രംഗങ്ങള്‍ സിനിമയിലുണ്ട്.

രണ്ടു തലമുറയുടെ കഥയെ ഇഴ ചേര്‍ത്തു മെനഞ്ഞെടുത്ത തിരക്കഥയും മികച്ച എഡിറ്റിങ്ങും സംവിധാന മികവും എല്ലാം സമ്മേളിക്കുന്ന ചിത്രം.
-----------------

(ഇനിയുള്ള കാര്യങ്ങള്‍ സിനിമ കണ്ടിട്ടുള്ളവരേ ഉദ്ദേശിച്ചാണ്. ചിത്രം വളരെ മികച്ചൊരു കലാസൃഷ്ടിയാണ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കഥയില്‍ ചോദ്യമില്ലെങ്കിലും ചില തോന്നലുകള്‍......

സിനിമയുടെ കഥ നിലനില്‍ക്കുന്നത് അത്യധികം ആകസ്മികമായ ഒരു സംഭവത്തില്‍ ഊന്നിയാണ്. നിഹാദ് എങ്ങനെ അബു താരിക്ക് ആയി എന്നതിന് വിശ്വസനീയമായ വിവരണം സംഭാഷണങ്ങളിലൂടെ നല്‍കുന്നുണ്ട്. സംഭവിച്ചു കൂടെന്നല്ല, എങ്കിലും സാധ്യത അത്യപൂര്‍വ്വം മാത്രമാണ്. ഗ്രീക്ക് പുരാണത്തിലെ ഈഡിപ്പസ് എന്ന കഥാപാത്രം തീര്‍ച്ചയായും കഥാവസാനം നമ്മുടെ മനസ്സില്‍ വന്നിരിക്കും.

മറ്റൊന്ന്, ലബനോനില്‍ നിന്നും ക്യാനഡയിലേക്ക് കുടിയേറിയ കഥാപാത്രങ്ങളായി അറബ് വംശജരേ കാസ്റ്റ് ചെയ്തപ്പോള്‍ അവരുടെ മക്കളായി അഭിനയിക്കുന്നത് കനേഡിയന്‍സ് തന്നെയാണ്. സിനിമയുടെ സസ്പന്‍സ് നിലനിര്‍ത്തുന്ന ഒരു ഭാഗം എന്ന നിലക്ക് അവരുടെ അമേരിക്കന്‍ മുഖച്ഛായ കഥാവസാനം ഒന്നിരുത്തി ചിന്തിച്ചാല്‍ കണ്ഫ്യൂഷനാകും.)  

1 comment:

  1. ഈ പടം ഞാൻ കണ്ടതാ‍ാ
    പക്ഷേ കാ‍ണുമ്പോൾ ആകെ ഒരു കട്ടപ്പൊകയായിരുന്നു മനസ്സിൽ...

    ReplyDelete

Comments